പന്നിയങ്കര ടോളില് പ്രദേശവാസികളുടെ സൗജന്യ യാത്ര സംബന്ധിച്ച് അവ്യക്തത
1283067
Saturday, April 1, 2023 12:58 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ ബൂത്തിൽ പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര സംബന്ധിച്ച് അവ്യക്തത തുടരുന്നു.
ഇന്നുമുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് ആരംഭിക്കുമെന്ന നിലപാടിൽ കരാർ കന്പനി ഉറച്ചു നിൽക്കുന്പോൾ വിഷയം സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടാക്കാമെന്നാണ് സ്ഥലം എംഎൽഎ യായ പി.പി.സുമോദ് പറയുന്നത്.
എന്തായാലും ഏപ്രിൽ ഒന്നാം തീയതി മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും പറയുന്നു. അതേ സമയം, ഇനിയും സൗജന്യ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കരാർ കന്പനി.
മാസം 330 രൂപയുടെ പാസ് എടുക്കാൻ പ്രദേശവാസികൾ തയാറാകണം. അതല്ലെങ്കിൽ വാഹനം കടന്നു പോകുന്പോൾ ഫാസ്ടാഗ് വഴി പണം വസൂലാക്കും. സൗജന്യ യാത്രക്കായുള്ള ട്രാക്ക് ഇല്ലാതാക്കുമെന്നും ടോൾ കന്പനി മാനേജർ മുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് ഒന്പത് മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളിൽ നിന്നും ടോൾ പിരിവ് ആരംഭിച്ചത്.
കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് 90 രൂപയായിരുന്നു ഒരു വശത്തേക്കുള്ള യാത്രാ നിരക്ക്. ഇരുഭാഗത്തേക്കുമായി 135 രൂപയും.
പിന്നീട് പാതകളുടെ കൂടുതൽ ഭാഗങ്ങളിൽ ടാറിംഗ് കഴിഞ്ഞു, കുഴിയടച്ചു, കുതിരാനിലെ റോഡുകൾ ഗതാഗത യോഗ്യമാക്കി, ലൈറ്റുകൾ സ്ഥാപിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടി 2022 ഏപ്രിൽ ഒന്ന്, നവംബർ മൂന്ന് എന്നീ തീയതികളിലായിരുന്നു നിരക്ക് വർധിപ്പിച്ചത്.
ഇതു പ്രകാരം നിരക്കുകൾ 90 ൽ നിന്ന് 100, 105 എന്നിങ്ങനെ ഉയർത്തി. ഇന്നുമുതൽ നിരക്കിൽ അഞ്ച് ശതമാനം മുതൽക്കുള്ള വർധനവാണ് വരുത്തുന്നത്.
അതായത് നിലവിൽ ഒരു വശത്തേക്ക് യാത്ര ചെയ്യാൻ നൽകുന്ന തുക 105 ൽ നിന്ന് ഇനി 110 രൂപയാകും. പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനമുണ്ടായാൽ അതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ കഴിഞ്ഞ ജനുവരി ഒന്നിന് എംഎൽഎ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
ഇനി ടോൾ പിരിവ് എന്ന് ആരംഭിക്കുന്നുവോ അതിന് ഒരാഴ്ച മുന്പ് എംഎൽഎയെ വിവരം അറിയിക്കുമെന്ന് ടോൾ കന്പനിയായ കരാർ കന്പനി അധികൃതരും ഉറപ്പു നൽകുകയുണ്ടായി.
ഇതിനാൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്ന വിവരം ടോൾ കന്പനി പ്രതിനിധികൾ എം എൽ എ യേയും അറിയിച്ചിട്ടുണ്ട്.
എന്നാൽ വിഷയത്തിൽ എം എൽ എ യുടെ ഇടപെടൽ വേണ്ട വിധം നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണന്പ്ര, പുതുക്കോട് തൃശൂർ ജില്ലയിൽപ്പെട്ട പാണഞ്ചേരി എന്നീ ആറ് പഞ്ചായത്ത് പ്രദേശത്തെ വാഹനയാത്രികരെയാണ് ടോളിൽ നിന്നും ഒഴിവാക്കിയിരുന്നത്.