വേനൽച്ചൂടിന്റെ രൂക്ഷതയിൽ കാട്ടുമൃഗങ്ങളുടെ നാടിറക്കം
1282782
Friday, March 31, 2023 12:26 AM IST
ഷൊർണൂർ : വേനൽച്ചൂടിന്റെ രൂക്ഷതയിൽ കാട്ടുമൃഗങ്ങൾ നാടിറങ്ങുന്നു. ഇരയും വെള്ളവും തേടിയാണ് കാട്ടുമൃഗങ്ങൾ നാടിറങ്ങുന്നത്.
വനമേഖലകൾ കടുത്ത വേനലിന്റെ വറുതിയിൽ കരിഞ്ഞുണങ്ങിയതോടെ ഇവയുടെ ആവാസ വ്യവസ്ഥക്ക് ഭംഗം വന്നതാണ് നാടിറക്കത്തിന് പ്രധാന കാരണമെന്ന് ഷൊർണൂരിലെ വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
കാടിനോട് ചേർന്നുള്ള ഗ്രാമമേഖലകളിലാണ് ഇവ പ്രധാനമായി ഇറങ്ങുന്നത്. നഗരപ്രാന്തങ്ങളിലേക്കും ഇവ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.കുരങ്ങ ും മയിലും, പന്നിയും മലന്പാന്പുകളും വിഷപ്പാന്പുകൾക്കുമൊപ്പം കുറുക്കൻമാരും പുലിക്കുട്ടികളോട് രൂപ സാദൃശ്യം പുലർത്തുന്ന ചില കാട്ടുമൃഗങ്ങളും കൂട്ടത്തോടെ കാടിറങ്ങി എത്തുന്നുണ്ട്.
ജനവാസ കേന്ദ്രങ്ങളിലെ കുറ്റിക്കാടുകളിൽ കാട്ടുമൃഗങ്ങൾ തന്പടിക്കുന്നതായും സംശയമുയർന്നിട്ടുണ്ട്.
കാലങ്ങളായി കാട്ടുപന്നി, പെരുന്പാന്പ് , മയിലുകൾ തുടങ്ങിയവയുടെ മാത്രം ശല്യം അനുഭവിച്ചിരുന്ന നഗരഗ്രാമ പ്രദേശങ്ങളിൽ ഇപ്പോൾ കുരങ്ങ്, കുറുക്കൻ, രാജവെന്പാല തുടങ്ങിയ വന്യജീവികളും ഭീഷണിയായി എത്തുന്നുണ്ട്. വനത്തോടു ചേർന്ന പ്രദേശങ്ങളെല്ലാം കാട്ടുമൃഗങ്ങളുടെ ഭീതിയിലാണ്.
പലയിടങ്ങളിലും സന്ധ്യ കഴിഞ്ഞാൽ വിഷപാന്പുകളെ കൊണ്ട് പുറത്തേക്കിറങ്ങാനാകാത്ത സ്ഥിതിയുമുണ്ട്. മറ്റ് വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടി ഇപ്പോൾ ജനങ്ങൾ ഭയക്കുന്നുണ്ട്.
കുളപ്പുള്ളിയുടെ വിവിധ ഭാഗകൾ, ഷൊർണൂർ വാടാനംകുർശ്ശി അടക്കമുള്ള വനമേഖലകളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും, അനങ്ങൻമലയുടെ അടിവാരം, പൂക്കോട്ടുകാവ്, മേലൂർ, തൃക്കടീരി, കീഴൂർ എന്നിവിടങ്ങളിലടക്കം കഴിയുന്ന വന്യമൃഗങ്ങൾ ചൂടിന്റെ രൂക്ഷതയിലാണ് കാടിറങ്ങുന്നതെന്ന് വനപാലകരും പറയുന്നു.
കാട്ടിൽ ഇരയില്ലാതായപ്പോൾ തീറ്റയും വെള്ളവും തേടിയാണ് ഇവ നാട്ടിൻപുറങ്ങളിലേക്കും എത്തി കൊണ്ടിരിക്കുന്നത്.
വേനൽച്ചൂടിൽ കാട്ടുചോലകളും അരുവികളും നീർചാലുകളും വറ്റിവരണ്ട സ്ഥിതിയാണ് ജലസംരക്ഷണത്തിനു മാർഗമില്ലാതായതോടെ കുടിക്കാൻ വെള്ളം തേടി ഇവ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നതാണ് കണ്ടുവരുന്നത്. സന്ധ്യകഴിയുന്നതോടെയാണ് ഇവയുടെ കടന്നുവരവ്.
ഇവയുടെ യാത്രയാകട്ടെ പലപ്പോഴും ജനവാസ മേഖലകളിലൂടെയാവുന്നതാണ് ജനങ്ങൾക്ക് ഭീഷണിയാകുന്നത്. കൊച്ചുകുട്ടികളെ അടക്കം പകൽപ്പോലും പുറത്തുവിടാനാകുന്നില്ലെന്ന് വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കഴിയുന്നവർ പറയുന്നു. കുരങ്ങൻമാരാണ് ഇവിടെ വില്ലനാവുന്നത്. കുരങ്ങനും കാട്ടുപന്നിയും വിഷപ്പാന്പുകളും നാടിറങ്ങിയാൽ തിരികെ പോകാത്ത സ്ഥിതിയുമുണ്ട്.