അട്ടപ്പാടി മധു വധക്കേസിൽ വിധി പറയൽ ചൊവ്വാഴ്ച
1282774
Friday, March 31, 2023 12:26 AM IST
മണ്ണാർക്കാട്: കേരളമൊട്ടാകെ കാത്തിരുന്ന വിധിദിനമായിരുന്നു ഇന്നലെ. അട്ടപ്പാടി മധു വധക്കേസിൽ ഇന്നലെ വിധി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വിധി പറയൽ ഏപ്രിൽ നാലിലേക്കു മാറ്റുകയായിരുന്നു.
ജഡ്ജ്മെന്റ് പൂര്ത്തിയായില്ലെന്നാണ് ഇന്നലെ കോടതി അറിയിച്ചത്. വിധി നേരിട്ടു കേള്ക്കാൻ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും എത്തിയിരുന്നു.
കേരളത്തിന്റെ മനസാക്ഷി ആഗ്രഹിക്കുന്ന വിധി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. നീതി ലഭിക്കുമെന്നും മല്ലി പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ഞങ്ങളനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. സമൂഹം ഒറ്റപ്പെടുത്തിയ സ്ഥിതി വരെ അനുഭവിച്ചു.
ഇതെല്ലാം അനുഭവിച്ചത് മധുവിന്റെ മരണത്തിൽ നീതിക്കു വേണ്ടി നിലയുറപ്പിച്ചതിനാലാണ്. വിധി അനുകൂലമാവുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. വിധി അനുകൂലമാവുമെന്ന് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനും പറഞ്ഞു. മണ്ണാർക്കാട് ജില്ലാ എസ് സി എസ് ടി പ്രത്യേക കോടതിയിൽ നടക്കുന്ന വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
തുടർന്ന് വിധി പറയാൻ ആദ്യംകഴിഞ്ഞ 18 ലേക്ക് മാറ്റിയിരുന്നു. 18 ന് ജഡ്ജ്മെന്റ് പൂർത്തിയാവാത്തതിനാൽ വിധി പറയൽ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
ഇന്നലേയും ജഡ്ജ്മെന്റിന്റെ സൂക്ഷമ പരിശോധന പൂർത്തിയാവാത്തതിനാൽ ഏപ്രിൽ നാലിലേക്ക് മാറ്റി. 2018 ഫെബ്രുവരി 22ന് ആൾക്കൂട്ട അക്രമത്തിൽ മധു കൊല്ലപ്പെട്ടു എന്നാണ് കേസ്.
അന്നുമുതൽ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നിയമ പോരാട്ടം നടത്താൻ തുടങ്ങിയിട്ട്. എന്നാൽ മധു വധക്കേസിനുവേണ്ടി വാദിക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സർക്കാറിനോട് അപേക്ഷിക്കുകയും പിന്നീട് പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തു.
ആദ്യത്തെ പ്രോസിക്യൂട്ടറുടെ മെല്ലെപ്പോക്ക് നയം കേസിനെ സാരമായി ബാധിച്ചു.
പിന്നീട് മറ്റൊരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സി. രാജേന്ദ്രനെയും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം. മേനോനെയും നിയമിച്ചു.
കേസിന്റെ വിചാരണ 2022 ഫെബ്രവരി 18 നാണ് ആരംഭിച്ചത്.
എന്നാൽ വിചാരണക്കിടെ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായതിനാൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റണമെന്നും അഡീഷണൽ പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോനെ നിയമിക്കണമെന്നും മധുവിന്റെ അമ്മ മല്ലി കോടതിയിൽ അപേക്ഷ നൽകുകയും കോടതി അപേക്ഷ പരിഗണിച്ച് രാജേഷ് എം. മേനോനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.
മധു മരിച്ച് നാലു വർഷം പൂർത്തിയാകുന്പോഴാണ് വിചാരണ ആരംഭിച്ചത്.
കേസ് വേഗം തീർപ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശവുമുണ്ടായിരുന്നു. പിന്നീട് തടസങ്ങളൊന്നു മില്ലാതെ വിചാരണ പൂർത്തിയാക്കി.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ വനം വകുപ്പിലെ താൽക്കാലിക വാച്ചർമാരടക്കം 24 പേർ കൂറ് മാറിയിരുന്നു. 24 പേരെ കേസ് വിസ്താരത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ബാക്കി 77 പേർ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി.
കഴിഞ്ഞ ജനുവരിയിലാണ് വിചാരണ പൂർത്തിയായത്. തുടർന്ന് കോടതിയിൽ വാദം ആരംഭിച്ചു. കഴിഞ്ഞ ദിവസം വാദവും പൂർത്തിയായി. തുടർന്നാണ് കേസ് വിധി പറയാൻ ഇന്നലത്തേക്ക് മാറ്റിയത്.