ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തി
1227399
Tuesday, October 4, 2022 12:22 AM IST
കോയന്പത്തൂർ : ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടന്നു. യോഗത്തിൽ കളക്ടർ ജി.എസ്. സമീരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ തമിഴ് സെൽവൻ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവുകൾ, ബേക്കറി അസോസിയേഷൻ എക്സിക്യൂട്ടീവുകൾ, ഉപഭോക്തൃ സംഘടനകൾ തുടങ്ങി നിരവധി പേർ ഇതിൽ പങ്കെടുത്തു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് കമ്മീഷന്റെ ഗുണനിലവാര റാങ്കിംഗ് പട്ടികയിൽ കോയന്പത്തൂർ ജില്ല മികച്ച സ്ഥാനം നേടിയതായും മുഖ്യമന്ത്രിയുടെ അനുമോദനം ലഭിച്ചതായും യോഗത്തിൽ കളക്ടർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ 36,769 ലൈസൻസുകളാണ് കോയന്പത്തൂരിൽ രജിസ്റ്റർ ചെയ്തത്. ഇപ്പോഴത് 39,824 ആയി ഉയർന്നു.
കോയന്പത്തൂരിൽ 354 സ്ഥാപനങ്ങൾ ഭക്ഷണം സുരക്ഷിതമായി വിളന്പുന്നതിനു ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
ഇതുവരെ രജിസ്റ്റർ ചെയ്ത 1120 സിവിൽ കേസുകളിൽ 923 കേസുകളിലായി 92 ലക്ഷത്തി 11 ആയിരം 500 രൂപ ജില്ലാ അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ പിഴ ചുമത്തി.