വെള്ളക്കെട്ട് പ്രദേശങ്ങൾ കളക്ടർ സന്ദർശിച്ചു
1564434
Tuesday, June 3, 2025 1:21 AM IST
കയ്പമംഗലം: എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി. കാലവർഷത്തോടനുബന്ധിച്ച് മൂന്നുദിവസം നിർത്താതെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ പപ്പടം നഗർ, ചെന്ത്രാപ്പിന്നി മേഖലകളിലാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ സാന്നിധ്യത്തിൽ സന്ദർശനം നടത്തിയത്.
വെള്ളക്കെട്ട് മൂലം ഈ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നത് ഇരുപതോളം വീട്ടുകാരാണ്. നാഷണൽ ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് തോടുകൾ നികത്തിയത് പെയ്ത വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചതു കൊണ്ടാണ് വെള്ളക്കെട്ട് രൂക്ഷമാകാനിടയായതെന്ന നാട്ടുകാരുടെ പരാതിയിൽ എൻഎച്ച്എഐ, റവന്യൂ ഉദ്യോഗസ്ഥർ, എടത്തിരുത്തി പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വില്ലേജ് ഓഫീസിൽ യോഗം ചേർന്നു.
യോഗത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും വെള്ളം ഒഴുകിപ്പോകാൻ സ്ഥിരം സംവിധാനം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കാനും തോടുകൾ വൃത്തിയാക്കാനും എൻഎച്ച്എഐ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.