മുരിങ്ങൂരിലെ അടിപ്പാതനിർമാണം: പ്രധാന പാത അടച്ചുകെട്ടാനുള്ള നീക്കം വീണ്ടും പാളി
1482274
Tuesday, November 26, 2024 7:21 AM IST
മുരിങ്ങൂർ: സിഗ്നൽ ജംഗ്ഷനിൽ അടിപ്പാതനിർമാണത്തിന്റെ ഭാഗമായി ചാലക്കുടി ദിശയിലേക്കുള്ള പ്രധാനപാത അടച്ചുകെട്ടാനുള്ള നാഷണൽ ഹൈവേ അഥോറിറ്റിയുടെയും കരാർ കമ്പനിയുടെയും നീക്കം വീണ്ടും പാളി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വാഹനങ്ങൾ ബദൽ റോഡിലൂടെ കടത്തിവിട്ടത്. മിനിറ്റുകൾക്കുള്ളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിതയുടെയും ജനപ്രതിനിധികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ എടുത്തു മാറ്റി. പ്രദേശവാസികളും ഒപ്പം കൂടി. അടച്ചുകെട്ടിയ പ്രധാനപാത സാധാരണ നിലയിലാക്കിയതിനു ശേഷം മാത്രമാണ് ഗതാഗതക്കുരുക്കിന് ശമനമുണ്ടായത്.
ഒരാഴ്ച മുമ്പ് സമാനമായ നീക്കം ഹൈവേ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായപ്പാേഴും ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധം തീർത്തിരുന്നു. മേഖലയിൽ മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലുമാണ് അടിപ്പാതകൾ നിർമിക്കുന്നത്. പൊങ്ങം മുതൽ മുരിങ്ങൂർ വരെ സർവീസ് റോഡ് നിർമിച്ചതിനു ശേഷം മാത്രമേ പ്രധാനപാത അടച്ചുകെട്ടാവൂ എന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യാപാരികളും പ്രദേശവാസികളും മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
മണ്ഡലകാലം ആരംഭിച്ചതോടെ ദേശീയപാതയിൽ വാഹനങ്ങളുടെ തിരക്കേറി. പ്രധാന പാത അടച്ചുകെട്ടൽ നടക്കുമ്പോൾ ഹൈവേ അഥോറിറ്റിയുടെയോ, കരാർ കമ്പനിയുടെയോ ഉത്തരവാദപ്പെട്ട ആരും സ്ഥലത്തുണ്ടാകുന്നില്ല എന്നതാണ് വിചിത്രം.
കേന്ദ്രമന്ത്രിക്ക് എംഎൽഎയുടെ കത്ത്
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിലെ നിർദിഷ്ട അടിപ്പാത ഹെവി വെഹിക്കുലർ അണ്ടർപാസോ തൂണുകളിലുയത്തിയ മേൽപ്പാലമോ ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽഎ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തുനൽകി. വിഷയം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ മറുപടി ലഭിച്ചതായി എംഎൽഎ പറഞ്ഞു. നിർദിഷ്ട അടിപ്പാതയുടെ നിലവിലെ ഘടന ഉയരംകൂടിയ ഭാരവാഹനങ്ങൾ കടന്നുപോകാൻ പര്യാപ്തമല്ലെന്നും കത്തിൽപറയുന്നു.
മുരിങ്ങൂർ ജംഗ്ഷനിൽനിന്ന് മേലൂർ - ഏഴാറ്റുമുഖം റോഡിലേക്കും കാടുകുറ്റി ഭാഗത്തേക്കും ഉയരംകൂടിയ വാഹനങ്ങളുടെ സഞ്ചാരം ദുഷ്കരമാകുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.