നാലുകെട്ട് പാലംപണി അനിശ്ചിതത്വത്തിൽ; പ്രദേശവാസികൾ പ്രക്ഷോഭത്തിന്
1482073
Monday, November 25, 2024 7:59 AM IST
കൊരട്ടി: ഗ്രാമപഞ്ചായത്തിലെ നാലുകെട്ട് വാർഡിൽ വാലുങ്ങാമുറി - നാലുകെട്ട് റോഡിനെയും ഇരട്ടച്ചിറ റോഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. കനാലിനു കുറുകെയാണ് പാലം നിർമിക്കുന്നത്. കാലപ്പഴക്കവും വീതിക്കുറവും വർധിച്ചുവരുന്ന വാഹന ഗതാഗതവും കണക്കിലെടുത്ത് മതിയായ വീതിയിൽ പാലം പുനർനിർമിക്കണമെന്ന കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ പ്രമേയം പരിഗണിച്ചായിരുന്നു ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയതും ടെൻഡർ നടപടികൾക്കു ശേഷം കരാറുകാരൻ നിർമാണം ആരംഭിച്ചതും.
കനാലിന് കുറുകെയുള്ള നിലവിലെ ഇടുങ്ങിയ പാലം ഭാഗികമായി തകർന്ന നിലയിലായിരുന്നു. ഡെക്ക് സ്ലാബ് താഴ്ന്നുകിടന്നതിനാൽ കനാലിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ സ്ലാബിനുസമീപം അടിഞ്ഞുകൂടുന്നതും കനാൽ കവിഞ്ഞൊഴുകുന്നതിനു കാരണമായി. ഇതു കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ദുരിതമായി മാറിയ പശ്ചാത്തലത്തിലാണു പാലം നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ ജനപ്രതിനിധികളെ സമീപിച്ചത്. തുടർന്നാണ് 25 ലക്ഷം രൂപയോളം വിനിയോഗിച്ച് 5.3 മീറ്റർ വീതിയിൽ കുറ്റമറ്റ രീതിയിൽ പാലം നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് സന്നദ്ധമായതും തുടർ നടപടികൾ സ്വീകരിച്ചതും.
പുനർനിർമാണത്തിന്റെ ഭാഗമായി നിലവിലെ പാലം പൊളിച്ചുമാറ്റി. പാർശ്വഭിത്തികളിലും പണികൾക്കും തുടക്കമിട്ടിരുന്നു. എന്നാൽ നിർദിഷ്ട പാലത്തിന്റെ വീതി കുറയ്ക്കണമെന്ന നിലപാടാണ് ഇപ്പോൾ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കുന്നതെന്നാണു നാട്ടുകാരുടെ പരാതി.
എസ്റ്റിമേറ്റിൽ നിർദേശിച്ചിരിക്കുന്ന 5.3 മീറ്ററിൽത്തന്നെ പാലം നിർമിക്കണമെന്ന കടുത്ത നിലപാടാണ് വാർഡ് മെമ്പറും പ്രദേശവാസികളും സ്വീകരിച്ചിരിക്കുന്നത്. ഇതോടെ നിർമാണപ്രവൃത്തികൾ നിലച്ചിരിക്കുകയാണ്. വെള്ളം തുറന്നുവിട്ടാൽ കനാലിന്റെ പാർശ്വഭിത്തികൾ തകരാൻ സാധ്യതയുണ്ട്.
ജനവാസകേന്ദ്രമായ ഇവിടെ വയോജനങ്ങൾ സജീവമായെത്തുന്ന പകൽ വീട് പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കായി ആധുനിക രീതിയിൽ സജ്ജമാക്കിയിരിക്കുന്ന ഷട്ടിൽ കോർട്ടും ഫിറ്റ്നസ് സെന്ററും അടങ്ങുന്ന ക്ലബും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ പ്രദേശവാസികൾക്ക് അടിയന്തരഘട്ടത്തിൽ ആംബുലൻസ് സഹായം വേണ്ടിവന്നാൽ സുഗമമായി കടന്നുപോകുവാൻ നിർദിഷ്ട വീതിയിൽത്തന്നെ പാലം നിർമിക്കേണ്ടതുണ്ട്. നാലുകെട്ട് ഹെൽത്ത് സെന്ററിനെയും വാലുങ്ങാമുറി - നാലുകെട്ട് റോഡിനെയും ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്.
നാടിന്റെ വളർച്ചയ്ക്ക് റോഡുകളും പാലങ്ങളും അനിവാര്യമായിരിക്കെ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പാലത്തിന്റെ വീതി കുറയ്ക്കണമെന്ന് തീരുമാനിക്കുന്നതിലെ അനൗചിത്യമാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്. അനുവദിച്ച വീതിയിലും തുകയിലും പാലം നിർമിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്കൊരുങ്ങുകയാണ് നാട്ടുകാർ.