അരൂർമുഴി - വെറ്റിലപ്പാറ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം; പൊറുതിമുട്ടി കർഷകർ
1482071
Monday, November 25, 2024 7:59 AM IST
അരൂർമുഴി: കഴിഞ്ഞദിവസം കാട്ടാനയിറങ്ങി അരൂർമുഴി പതിമൂന്നാം മൈലിലെ നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട രൂപത എസ്റ്റേറ്റിലും കുടക്കച്ചിറ കെ.ജെ. തോമസ്, നെടുങ്കാട്ട് ബാബു, ഞരളക്കാട്ട് ജോബി എന്നിവരുടെ കൃഷിയിടങ്ങളിലുമാണ് നാശം സംഭവിച്ചിട്ടുള്ളത്. തെങ്ങ്, കവുങ്ങ് എന്നിവ കുത്തിമറിച്ചിട്ടു. നൂറുകണക്കിനു വാഴയും ചവിട്ടിമെതിച്ചു.
കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാന ശല്യംമൂലം ഈപ്രദേശത്തെ കർഷകർ പൊറുതിമുട്ടുകയാണ്. രാത്രിയിലും പുലർച്ചെയുമാണ് ആനശല്യം കൂടുതൽ. കൃഷിയിടങ്ങളിൽ കയറി തെങ്ങ്, കവുങ്ങ്, ജാതി, വാഴ എന്നിവയാണ് നശിപ്പിക്കുന്നത്. തെങ്ങിൻതൈകൾ പിച്ചിച്ചീന്തി കൂന്പുകളാണ് ഇവ ഭക്ഷിക്കുന്നത്. കായ്ച്ച തെങ്ങുകൾ ചവിട്ടിമറിച്ചിട്ട് അവയുടെ തലപ്പുകൾ ഭക്ഷിക്കുകയാണു ചെയ്യുന്നത്. കാട്ടാനകളെ തുരത്താൻ സൗരോർജ വേലി കെട്ടിയിട്ടുണ്ടെങ്കിലും ആനകൾ അതുതകർത്ത് കൃഷിഭൂമിയിൽ കയറി വിളയാടുകയാണ്.
കാട്ടാനയ്ക്ക് പുറമേ മാനുകളുടെയും മലയണ്ണാന്റെയും കുരങ്ങുകളുടെയും ഉപദ്രവവും കർഷകർക്കു തീരാനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
കർഷകരുടെ ജീവനും സ്വത്തിനും പ്രയത്നങ്ങൾക്കുമെല്ലാം ഭീഷണിയാണിവ. സർക്കാരിന്റെയും വനംവകുപ്പിനന്റെയും അടിയന്തരശ്രദ്ധ ഈ മേഖലയിൽ പതിയണമെന്നും ഇതിനു ശാശ്വതമായ ഒരു പരിഹാരം വേണമെന്നുമാണ് കർഷകരുടെ ആവശ്യം.