അക്കിക്കാവ് - കേച്ചേരി ബൈപാസ് നിര്‍മാണം : പബ്ലിക് ഹിയറിംഗ് പൂര്‍ത്തിയായി
1482063
Monday, November 25, 2024 7:59 AM IST
കുന്നംകുളം: അക്കിക്കാവ് - കേച്ചേരി ബൈപാസ് റോഡിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കുന്നംകുളം താലൂക്കിലെ എരനെല്ലൂര്‍, ചിറനെല്ലൂര്‍ വില്ലേജിലെ പദ്ധതിബാധിതരുടെ യോഗം ചേര്‍ന്നു. ഇതോടെ സാമൂഹികാഘാതപഠനത്തിന്റെ പബ്ലിക് ഹിയറിംഗ് പൂര്‍ത്തിയായി.
പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍, വൈസ് പ്രസിഡന്റ് ജോസ്, ജനപ്രതിനിധികള്‍, കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ ഡെ.തഹസില്‍ദാര്‍ ബിലാൽ ബാബു, കെആര്‍എഫ്ബി അസി.എന്‍ജിനീയര്‍ മൈഥിലി, ഡോ. ആര്യ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുന്നംകുളം താലൂക്കിലെ അകതിയൂര്‍ വില്ലേജിലെ പദ്ധതിബാധിതരുടെ യോഗം പോര്‍ക്കുളം പഞ്ചായത്ത് ഹാളിലും ചിറമനേങ്ങാട്, ഇയ്യാല്‍ വില്ലേജിലെ പദ്ധതിബാധിതരുടെ യോഗം കടങ്ങോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ഇന്നലെ ചേര്‍ന്നു.
സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠനം തൃക്കാക്കര ഭാരതമാതാ സ്കൂള്‍ ഓഫ് സോഷ്യല്വര്ക്കാണ് നിര്‍വഹിക്കുന്നത്. പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് എക്സ്പര്‍ട്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രാഥമിക സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാകുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. മാര്‍ച്ച് 31നകം സ്ഥലമേറ്റെടുപ്പും നിര്‍മാണവും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.