ശാന്തിമഠം വില്ല തട്ടിപ്പ്: മാനേജിംഗ് പാർട്ണർ അറസ്റ്റിൽ
1482269
Tuesday, November 26, 2024 7:21 AM IST
ഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പുകേസിൽ ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് മാനേജിംഗ് പാർട്ണറെ അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ തെക്കേനാലുവഴി ശാന്തിമഠംവീട്ടിൽ മഞ്ജുഷ(45)യെയാണ് തൃശൂർ സിറ്റി സ്ക്വാഡും ഗുരുവായുർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
‘ഗുരുവായൂർ ശാന്തിമഠം വില്ല ‘ എന്നപേരിൽ വില്ലകൾ നിർമിച്ചുകൊടുക്കുന്നതിനു നിക്ഷേപകരിൽനിന്നു പണം വാങ്ങിയതിനുശേഷം വില്ല നല്‍കാത്ത കേസിലാണ് അറസ്റ്റ്. 2012 - 18 വർഷങ്ങളിൽ ഗുരുവായൂർ പോലീസ്സ്റ്റേഷനിൽ 100 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 31ലധികം കേസുകളിൽ മഞ്ജുഷ പ്രതിയാണ്. മഞ്ജുഷയെ പിടികൂടുന്നതിനായി കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശനുസരണം ഗുരുവായൂർ അസി. കമ്മിഷണർ കെ.എം. ബിജു, തൃശൂർ സ്പെഷൽബ്രാഞ്ച് അസി. കമ്മീഷണർ കെ. സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകഅന്വേഷണ സംഘം രൂപീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് മാളയിൽനിന്നു പിടികൂടിയത്.
മറ്റു പ്രതികളായ രാകേഷ് മനു, രഞ്ജിഷ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണസംഘത്തിൽ ഗുരുവായൂർ എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണൻ, എഎസ്ഐ വിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, സൗമ്യശ്രീ, സിറ്റി സ്ക്വാഡ് എസ്ഐ റാഫി, എഎസ്ഐ പളനിസാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്കുമാർ, സജി ചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.