മണലിപ്പുഴ പുനരുദ്ധാരണത്തിന് തുടക്കം
1481633
Sunday, November 24, 2024 5:47 AM IST
നടത്തറ: സംസ്ഥാന റവന്യു വകുപ്പിന് കീഴിലെ റിവർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 85 ലക്ഷം രൂപ അനുവദിച്ച് നടത്തുന്ന മണലിപ്പുഴയിലെ ചെളി നീക്കംചെയ്യൽ പദ്ധതിയും സംരക്ഷണഭിത്തി നിർമാണവും മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.
നടത്തറ ഗ്രാമപഞ്ചായത്തിലെ ശ്രീധരിപ്പാലം, നന്പിടിക്കുണ്ട്, വലക്കാവ് പാലം, കൂറ്റനാൽ ഭഗവതി ക്ഷേത്രം, വീന്പിൽ തേരോത്ത് കടവ്, മുണ്ടോളിക്കടവ് പാലം എന്നീ പ്രദേശങ്ങളിൽ മണലിപ്പുഴയിലെ ഏകദേശം 8,750 യൂണിറ്റ് ചെളിയാണ് നീക്കംചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്. മുണ്ടോളിക്കടവ് പാലത്തിനു സമീപത്താണ് സംരക്ഷണഭിത്തിയുടെ നിർമാണം.
നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, ജില്ല പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, അഡീഷണൽ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ എസ്. സിയാദ്, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.