ഒരു പാർക്ക് നശിപ്പിക്കാൻ പക്ഷിക്കൂട്ടം ധാരാളം
1482264
Tuesday, November 26, 2024 7:21 AM IST
കെ.കെ.അർജുനൻ
അയ്യന്തോൾ: നല്ലൊരു പാർക്ക് നശിപ്പിക്കാൻ പക്ഷിക്കൂട്ടം ധാരാളം. ജില്ലാ ഭരണകൂടത്തിന്റെ കണ്മുന്നിലുള്ള മികച്ച പാർക്കാണ് പക്ഷികളൂടെ കൂട്ടം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പക്ഷിക്കാഷ്ഠംതന്നെയാണ് പാർക്ക് നശിക്കുന്നതിനു കാരണമാകുന്നത്. അയ്യന്തോൾ സിവിൽലെയ്നിലുള്ള അമർജവാൻ സ്മാരകമുള്ള പാർക്കാണ് ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കാത്തവിധം എരണ്ടപ്പക്ഷികൾ കാഷ്ഠിച്ച് നശിപ്പിക്കുന്നത്.
ഈ പാർക്കിനുള്ളിലുള്ള മരങ്ങളിൽ തന്പടിച്ചിട്ടുള്ള പക്ഷികളുടെ കാഷ്ഠംവീണ് കുട്ടികളുടെ കളിയുപകരണങ്ങളും വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും എല്ലാം ഉപയോഗിക്കാൻ സാധിക്കാത്ത വിധമായിരിക്കുന്നു.
നിരവധിയാളുകളാണ് രാവിലെയും വൈകീട്ടും ഈ പാർക്കിനുള്ളിൽ ജോഗിംഗിന് എത്തിയിരുന്നത്. പക്ഷിക്കാഷ്ഠം കാരണം പ്രഭാത-സായാഹ്ന നടത്തങ്ങൾ വേണ്ടെന്നുവച്ചവർ ഏറെയാണ്.
മൂക്കുപൊത്താതെ പാർക്കിനകത്തു നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പക്ഷികളുടെ കാഷ്ഠത്തിനു പുറമെ പലയിടത്തും പക്ഷികൾ ചത്തുകിടക്കുന്നുമുണ്ട്. അസഹ്യമായ ദുർഗന്ധമാണ് പരിസരമാകെ പരക്കുന്നത്. കുട്ടികൾക്കുള്ള കളിയുപകരണങ്ങളിലെല്ലാം പക്ഷിക്കാഷ്ഠം നിറഞ്ഞുകിടക്കുകയാണ്.
പാർക്കിനകത്ത് ചെടികളും മറ്റുമുണ്ടെങ്കിലും അവയെല്ലാം പച്ചപ്പ് നഷ്ടപ്പെട്ട് കാഷ്ഠംവീണ് വെളുത്തുകഴിഞ്ഞു.
പക്ഷിക്കാഷ്ഠം മൂലം തൃശൂർ നഗരത്തിന്റെ പല ഭാഗങ്ങളിലും ദുർഗന്ധപ്രശ്നവും കാഷ്ഠം വീണ് പരിസരം മലിനമാകുന്നതും പതിവായിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്തും ശക്തൻ സ്റ്റാൻഡിലുമൊക്കെ ഈ പ്രശ്നം അതിരൂക്ഷമാണ്. എന്നാൽ ഒരു പാർക്ക് അപ്പാടെ നശിക്കുന്നത് അയ്യന്തോളിൽമാത്രമായിരിക്കും.