രാധേട്ടന്റെ ചേലക്കരയെ സുരക്ഷിതമാക്കി പ്രദീപ്
1481638
Sunday, November 24, 2024 5:47 AM IST
തിരുവില്വാമല: ചേലക്കര മണ്ഡലത്തെ സിപിഎമ്മിന്റെ കൈകളിൽ സുരക്ഷിതമാക്കി യു.ആർ. പ്രദീപ്. രണ്ടാമൂഴത്തിൽ 2016നെ അപേക്ഷിച്ചു വോട്ടു വർധിപ്പിച്ചാണ് പാർട്ടിയുടെ വിശ്വസ്തനായത്. രാധാകൃഷ്ണന്റെ പിൻഗാമിയായി 2016 ലാണ് ആദ്യമായി പ്രദീപ് മത്സരരംഗത്ത് എത്തിയത്. ദേശമംഗലം മുൻ പഞ്ചയാത്ത് പ്രസിഡന്റായിരുന്ന പ്രദീപ്, 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി.
2021ലും പ്രദീപ് സ്ഥാനാർഥിയാകുമെന്നാണു കരുതിയത്. എന്നാൽ, അപ്രതീക്ഷിതമായി രാധാകൃഷ്ണൻ വീണ്ടും സ്ഥാനാർഥിയായി. അച്ചടക്കമുള്ള പ്രവർത്തകനെന്നു തെളിയിച്ച് പ്രദീപ് പാർട്ടിക്കൊപ്പം നിന്നു. സൗമ്യനും മിതഭാഷിയുമായ പ്രദീപ് പ്രചാരണരംഗത്ത് രാധാകൃഷ്ണനൊപ്പം സജീവമായി. രാധാകൃഷ്ണൻ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട 2021 ലെ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണനോടൊപ്പം പ്രദീപും ജനമനസിൽ ഇടംനേടി. കോണ്‍ഗ്രസ്സിലെ സി.സി. ശ്രീകുമാറിനെ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ ചേലക്കരയിൽ സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടി നേതൃത്വത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പട്ടികജാതി ക്ഷേമ ബോർഡിന്റെ ചെയർമാൻ സ്ഥാനത്തുനിന്നാണ് യു.ആർ. പ്രദീപ് മത്സരരംഗത്തേക്ക് എത്തിയത്.
ശശികുമാർ പകവത്ത്