മുപ്ലിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത് ആയിരക്കണക്കിനു റബർമരങ്ങൾ
1482273
Tuesday, November 26, 2024 7:21 AM IST
വെള്ളിക്കുളങ്ങര: ചൊക്കന, മുപ്ലി മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ വ്യാപകമായി റബര്‍മരങ്ങള്‍ നശിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ പതിവില്ലാത്ത വിധത്തില്‍ റബര്‍ മരങ്ങളുടെ തൊലിയും ഇലകളും കാട്ടാനകള്‍ തിന്നുനശിപ്പിക്കുന്നത് റബര്‍കൃഷി മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വനത്തിനുള്ളില്‍ മതിയായ തീറ്റയും വെള്ളവും ലഭ്യമാകാതെ വന്നപ്പോഴാണ് കാട്ടാനക്കൂട്ടങ്ങള്‍ കാടുവിട്ട് റബര്‍ തോട്ടങ്ങളില്‍ തമ്പടിക്കാന്‍ തുടങ്ങിയത്. ചൊക്കന,മുപ്ലി മേഖലയിലെ റബര്‍ തോട്ടങ്ങളിലായി നൂറിലേറെ കാട്ടാനകളാണ് ഇങ്ങനെ തമ്പടിച്ചിട്ടുള്ളത്. പകലും രാത്രിയിലും ഒരുപോലെ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാനകള്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പേടിസ്വപ്നമായി മാറിയിട്ട് വര്‍ഷങ്ങളായി.
മുപ്ലി പുഴയുടെ ഇരുവശങ്ങളിലുമായുള്ള റബര്‍ തോട്ടങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. റബര്‍ മരങ്ങളുടെ തൊലിയും ഇലകളും കാട്ടാനകള്‍ തിന്നുന്നതിനാല്‍ മരങ്ങള്‍ നശിച്ചുപോകുകയാണ്. ചൊക്കന, കാരിക്കടവ്, മുപ്ലി പ്രദേശങ്ങളില്‍ മാത്രം നൂറിലേറെ ഏക്കര്‍ സ്ഥലത്തെ റബര്‍ കൃഷി ഇത്തരത്തില്‍ കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. മുറിച്ചുമാറ്റുന്ന റബര്‍ മരങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിക്കുന്ന തൈക്കളും ആനകള്‍ തിന്നുനശിപ്പിക്കുന്നത് തോട്ടം മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി കണ്‍വീനര്‍ ജോബിള്‍ വടാശേരി പറഞ്ഞു.
ഹാരിസന് പ്ലാന്റേഷനിലെ കാരിക്കടവില്‍ 50 ഏക്കറോളം സ്ഥലത്ത് അടുത്തിടെ റീപ്ലാന്റ് ചെയ്ത പതിനായിരത്തോളം റബര്‍ തൈക്കള്‍ പൂര്‍ണമായും കാട്ടാനകള്‍ നശിപ്പിച്ചു. ചക്കിപറമ്പില് 75 ഹെക്ടര്‍ സ്ഥലത്തെ നാലുവര്‍ഷത്തോളം വളര്‍ച്ചയെത്തിയ റബര്‍ മരങ്ങളും കാട്ടാനകളുടെ ഒടിച്ചിട്ട് നശിപ്പിച്ചിരുന്നു. മുപ്ലി പ്രദേശത്ത് രണ്ടാഴ്ച മുമ്പ് കാട്ടാനകള്‍ നശിപ്പിച്ച റബര്‍ തൈകളുടെ എണ്ണം മൂവായിരത്തോളമാണ്. ഒരു വര്‍ഷത്തെ വളര്‍ച്ചയെത്തിയ തൈക്കളാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്.
തോട്ടത്തില്‍ കാവല്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ ഒച്ചയെടുത്തും പടക്കംപൊട്ടിച്ചും കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പഴയതുപോലെ ഇതൊന്നും ഫലപ്രദമാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. റീപ്ലാന്റ് ചെയ്യുന്ന റബര്‍ തൈക്കള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാല്‍ തോട്ട മാനേജ്മെന്ര് പലയിടത്തും ഭൂമി തരിശിടുകയാണ്. തോട്ടം മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിനുപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകുമെന്ന ആശങ്ക തൊഴിലാളികള്‍ക്കുണ്ട്.
തോട്ടങ്ങളിലെ കാട്ടാനശല്യം നേരത്തെ തൊഴില്‍ ചെയ്യുന്നതിന് തടസമായിരുന്നെങ്കില് ഇപ്പോള്‍ തൊഴില്‍ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നതെന്ന് ചൊക്കനയിലെ തൊഴിലാളിയായ മുഹമ്മദലി പറഞ്ഞു. റബര്‍ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ തൊഴിലാളികളുടെ ജീവനും ഭീഷണിയാണ്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ചൊക്കനയിലും മുപ്ലിയിലുമായി കാട്ടാന രണ്ടുപേരുടെ ജീവനെടുത്തിരുന്നു. ആനയുടെ ആക്രമണത്തിലും ആനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലുമായി പരിക്കേറ്റവര്‍ നിരവധിയാണ്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാനും അന്തിയുറങ്ങാനും കഴിയാത്ത സാഹചര്യമാണ് തോട്ടം മേഖലയിലുള്ളത് .