പാലിയേക്കര ടോൾ: കൈവിട്ട് സർക്കാർ
1482260
Tuesday, November 26, 2024 7:21 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പാലിയേക്കര ടോളുമായി ബന്ധപ്പെട്ട ഡൽഹി ആർബിട്രേഷൻ ട്രൈബ്യൂണലിലെ കേസിൽനിന്ന് സംസ്ഥാന സർക്കാർ ഒഴിവായ നടപടി കരാർകന്പനിയെ സഹായിക്കാനെന്നു ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ അഡ്വ. ജോസഫ് ടാജറ്റ്. നടപടിയിൽ സർക്കാരിനെ കക്ഷിചേർക്കാൻ 2022 മാർച്ച് 15നു ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജയിലെ ഉത്തരവനുസരിച്ചാണ് സംസ്ഥാനസർക്കാർ ഒഴിവായതെന്നും വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു. ടോൾ കന്പനിയെ ഒഴിവാക്കാൻ ലഭിച്ച അവസരമാണ് സംസ്ഥാനസർക്കാർ നഷ്ടമാക്കിയത്.
കരാർലംഘനത്തിന്റെ പേരിൽ 678 കോടി പിഴയീടാക്കാനും കരാറിൽനിന്ന് ഒഴിവാക്കാനും എൻഎച്ച്എഐ നൽകിയ നോട്ടിസിനെതിരേയാണ് ടോൾ കന്പനി ആർബിട്രേഷൻ ട്രൈബ്യൂണലിനെ സമീപിച്ചത്. സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് പ്രകാരം സംസ്ഥാനസർക്കാരിനെ കക്ഷിചേർക്കണമെന്ന ഹൈവേ അഥോറിറ്റിയുടെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചു. ഇതിനെതിരേയാണ് തൃശൂർ-അങ്കമാലി-ഇടപ്പള്ളി ദേശീയപാതനിർമാണവുമായി ബന്ധമില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എഗ്രിമെന്റ് സ്ഥലമേറ്റെടുത്തുനൽകാനും ദേശീയപാതനിർമാണത്തിനു സാഹചര്യമൊരുക്കാനുംമാത്രമാണെന്നും കാട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ട്രൈബ്യൂണലിൽ ഹാജരായി, ജനങ്ങളുടെ ബുദ്ധിമുട്ടും കരാർ പാലിക്കാതെ യാത്രക്കാരിൽനിന്ന് കോടികൾ പിരിക്കുന്നതും ബോധിപ്പിക്കാനുള്ള അവസരം പാഴാക്കിയതു മനപ്പൂർവമാണെന്നു സംശയിക്കുന്നു. ടോളിനെതിരേ പ്രതികരിച്ചാൽ കോടതിവിധി കാട്ടി സർക്കാരിനെ പ്രതിരോധിക്കാനും കരാർകന്പനിക്കു കഴിയും.
ഇക്കാര്യത്തിൽ പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസ് പ്രതികരിക്കണം. ഡൽഹി ഹൈക്കോടതിവിധിക്കെതിരേ ഹൈവേ അഥോറിറ്റി നൽകിയ അപ്പീലിൽ അനുകൂലവിധിയുണ്ടായാൽമാത്രമേ സംസ്ഥാനസർക്കാരിനു കരാർകന്പനിക്കെതിരേ നാവനക്കാൻ കഴിയൂ. 2128 കോടി രൂപയാണ് കരാർകന്പനിക്കെതിരേ എൻഎച്ച്എഐ പിഴ ചുമത്തിയത്. ടോളിലൂടെ കന്പനി 1475 രൂപ പിരിച്ചെടുത്തെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.