ട്രിപ്പുകൾ മുടക്കി സ്വകാര്യ ബസുകൾ
1482061
Monday, November 25, 2024 7:59 AM IST
തൃശൂർ: അവധിദിവസങ്ങളിൽ സ്വകാര്യബസുകളുടെ അപ്രഖ്യാപിത ട്രിപ് മുടക്കത്തിൽ വലഞ്ഞ് യാത്രക്കാർ. ഉൾപ്രദേശങ്ങളിൽനിന്നുള്ളവരാണ് ബസുകൾ സർവീസ് വെട്ടിക്കുറയ്ക്കുന്നതുമൂലം പ്രതിസന്ധിയിലാകുന്നത്. കെഎസ്ആർടിസി സർവീസുകൾ കുറവുള്ള പ്രദേശങ്ങളിലാണ് സ്വകാര്യ ബസുകൾ സർവീസ് നടത്താൻ തയാറാകാത്തത്.
റോഡ്, പാലം നിർമാണങ്ങൾ നടക്കുന്നതിനാൽ സമയനഷ്ടമുണ്ടാകുന്നെന്നും അവധിദിവസങ്ങളിൽ യാത്രക്കാർ കുറവാണെന്നുംപറഞ്ഞാണ് സ്വകാര്യ ബസുകൾ ട്രിപ്പുകൾ മുടക്കുന്നത്. തൃശൂർ- കൊടുങ്ങല്ലൂർ, തൃപ്രയാർ ക്ഷേത്രം- ചേർപ്പ്, കുന്നംകുളം റൂട്ടുകളിൽ റോഡ് നിർമാണവും പാലം നിർമാണവും നടക്കുന്നുണ്ട്. ഈ പ്രദേശത്തേക്കുള്ള ബസുകളാണ് ഞായറാഴ്ചകളിൽ കൂട്ടത്തോടെ ട്രിപ്പുകൾ മുടക്കുന്നത്. പകരം സംവിധാനങ്ങളില്ലാത്തതിനാൽ മണിക്കൂറുകൾ കാത്തുനിന്നായിരിക്കും അടുത്ത ബസ് കിട്ടുക. അല്ലെങ്കിൽ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു.
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ സമയം പാലിക്കുന്നതിനായി അമിതവേഗത്തിലാണ് പലപ്പോഴും ബസുകൾ സർവീസ് നടത്തുന്നത്. തൃപ്രയാർ ക്ഷേത്രം- ചേർപ്പ് റൂട്ടിൽ ബസിന്റെ അമിതവേഗംമൂലം കഴിഞ്ഞദിവസം സൈക്കിൾയാത്രികന് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിർമാണ പ്രവൃത്തികൾ നടക്കുന്ന റൂട്ടുകളിലെ ബസുകളുടെ അമിതവേഗത്തെക്കുറിച്ച് അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറായിട്ടില്ല.