കുടിവെള്ളത്തിനായി നാട്ടുകാരുടെ നെട്ടോട്ടം
1481604
Sunday, November 24, 2024 5:37 AM IST
കയ്പമംഗലം: അറ്റകുറ്റപ്പണികൾക്കിടെ ജീവനക്കാരന്റെ വിരലിനു പരിക്ക്; എടത്തിരുത്തി ഏറാക്കലിൽ പൈപ്പ് പൊട്ടിയത് പരിഹരിക്കാനുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എടത്തിരുത്തി ഏറാക്കൽ റോഡിൽ 700 എം.എം. പ്രിമോ പൈപ്പ് ഏറ്റവുമൊടുവിൽ പൊട്ടിയത്.
ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരംവരെയുള്ള പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണ ശൃംഖലയിലെ പ്രധാന പൈപ്പ് ലൈനായതുകൊണ്ടുതന്നെ കുടിവെള്ളവിതരണം മുടങ്ങിയിരുന്നു. വിവിധ കാരണങ്ങളാൽ ഇതേവരെ പ്രശ്നം പരിഹരിച്ചു പമ്പിംഗ് പുനരാരംഭിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് കനോലി കനാൽ പരിസരത്തും കടലോര മേഖലയിലും ഉൾപ്പെടെ താമസിക്കുന്ന നിരവധി വീട്ടുകാർ ദുരിതത്തിലായി.
കുടിവെള്ളമില്ലാതെ ജനം വലയുമ്പോഴും നാളിതുവരെ പകരം സംവിധാനമൊരുക്കാൻ മിക്ക പഞ്ചായത്തുകൾക്കു മായിട്ടില്ല. പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാൻ വാട്ടർ അഥോറിറ്റിക്കാവുന്നില്ല.
പൈപ്പ് പൊട്ടുന്നു, റിപ്പയർ ചെയ്യുന്നു, വീണ്ടും പൊട്ടുന്നു, വീണ്ടും... ഇതിങ്ങനെ ആവർത്തിക്കുന്നതല്ലാതെ ശ്വാശ്വതമായ ഒരു പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഇന്നലെ വൈകീട്ട് അറ്റകുറ്റപ്പണിക്കിടെ ബിജുവെന്ന കരാർ തൊഴിലാളിയുടെ വലതുകൈയുടെ വിരൽ മുറിഞ്ഞു. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. നിലവിൽ ഏഴ് കരാർ തൊഴിലാളികളാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
പൊട്ടിയതിനെ തുടർന്ന് പൈപ്പിനുള്ളിൽ കയറിയ ചെളിയും പുറത്തേക്ക് ഒഴുക്കിക്കളയേണ്ടതുണ്ട്. വാൽവ് ഊരി പമ്പിംഗ് നടത്തിയാലേ ചെളിയെ പുറംതള്ളാൻ സാധിക്കൂ. എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി ജോർജ്, അസി. എൻജിനീയർ ഷാലി സുന്ദരൻ എന്നിവരുടെ മേൽനോട്ടത്തിലാണു പ്രവൃത്തികൾ പുരോഗമിക്കുന്നത്. എത്രയും വേഗം പ്രവർത്തികൾ പൂർത്തീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. അത് കഴിഞ്ഞു ട്രയൽ റൺ നടത്തി വിജയിച്ചാൽ പൂർണതോതിൽ പമ്പിംഗ് പുനരാരംഭിക്കും.