പീച്ചി ഡാം തുറന്നതിനെത്തുടർന്ന് വെള്ളപ്പൊക്കം; കുറ്റക്കാരായ ഉദ്യോഗസ്ഥരെ വെള്ളപൂശി ജലവിഭവ, ഇറിഗേഷൻ വകുപ്പുകൾ
1482259
Tuesday, November 26, 2024 7:21 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പീച്ചി ഡാം മാനേജ്മെന്റിൽ വീഴ്ചവരുത്തിയ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെ വെള്ളപൂശി ജലവിഭവവകുപ്പും ഇറിഗേഷൻ വകുപ്പും. കനത്ത മഴമുന്നറിയിപ്പുണ്ടായിട്ടും റൂൾകർവ് പാലിക്കാതെയും മുന്നറിയിപ്പു നൽകാതെയും ഒറ്റയടിക്ക് അണക്കെട്ടിന്റെ ഷട്ടറുകൾ 72 ഇഞ്ചുവരെ തുറന്നത് ഇറിഗേഷൻ വകുപ്പിന്റെ വീഴ്ചയാണെന്നു സബ് കളക്ടറുടെയും പീച്ചി പോലീസിന്റെയും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരേ ദുരന്തനിവാരണനിയമമനുസരിച്ച് നടപടിയെടുക്കണമെന്നു പോലീസ് കമ്മീഷണർ ജില്ലാ കളക്ടർക്ക് കത്തും അയച്ചു. 43 കോടിയുടെ നഷ്ടമുണ്ടെന്ന സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയാവശ്യപ്പെട്ട് ജില്ലാ കളക്ടറും സർക്കാരിലേക്കു റിപ്പോർട്ട് നൽകി.
എന്നാൽ, അണക്കെട്ടു തുറന്നതിന്റെ ഉത്തരവാദിത്വം കളക്ടർക്കും കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കുമാണെന്നാണ് ഇറിഗേഷൻ, ജലവിഭവ വകുപ്പുകളുടെ നിലപാട്. ജലനിരപ്പിന്റെ ഓരോ ഘട്ടത്തിലും കളക്ടർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ ഉയർത്തിയതെന്നുമാണ് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.
റൂൾ കർവിനു മുകളിൽ വെള്ളമുണ്ടായിട്ടും ഷട്ടറുകൾ തുറക്കാതിരുന്നതിനെക്കുറിച്ചു മറുപടിയിൽ പരാമർശമില്ല.
200 മില്യണ്‍ ക്യുബിക് മീറ്ററിന് (എംസിഎം) മുകളിൽ സംഭരണശേഷിയുള്ള ഡാമുകളിൽ മാത്രമാണ് റൂൾകർവ് പ്രകാരം ജലവിതാനം ക്രമീകരിക്കേണ്ടതെന്നാണ് കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചിട്ടുള്ളതെന്നും പീച്ചി ഡാമിന് 94.946 എംസിഎം മാത്രമാണ് സംഭരണശേഷിയെന്നുമാണ് ജലവിഭവവകുപ്പിന്റെ നിലപാട്. ജൂലൈ 28ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ടാണ് തൃശൂർ ജില്ലയിൽ പ്രഖ്യാപിച്ചതെന്നും ശക്തമായ മഴയെത്തുടർന്ന് ഷട്ടറുകൾ തുറക്കാൻ കളക്ടറേറ്റുമായി ബന്ധപ്പെട്ടിരുന്നെന്നും ഉദ്യോഗസ്ഥർ വാക്കാൽ നിർദേശം നൽകിയെന്നും പറയുന്നു. പരമാവധി സംഭരണശേഷിക്കു മുകളിലേക്കു ജലനിരപ്പുയർന്നാൽ ഡാമിനും ഷട്ടറുകൾക്കും പീച്ചി റിസർവോയറിന്റെ സാഡിൽ ഡാമായ വള്ളിക്കയം എർത്തേണ്‍ ഡിന്റെ സീപേജ് വർധിച്ചു തകരാനും സാധ്യതയുള്ളതിനാലാണ് ഓണ്‍ലൈൻ മീറ്റിംഗിലൂടെ ജില്ലാ കളക്ടറുടെ അനുമതിയോടെ 72 ഇഞ്ചുവരെ ഉയർത്തിയത്. ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും തക്കസമയത്ത് അറിയിച്ചാണ് ദുരന്തമൊഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ജോയിന്റ് സെക്രട്ടറി ജി. സുകുമാരൻനായർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇതിനു സമാനമായ ന്യായങ്ങളാണ് ഇറിഗേഷൻ വിഭാഗം തൃശൂർ എക്സിക്യൂട്ടീവ് എൻജിനീയറുടെ മറുപടിയിലും പറയുന്നത്. കൈയേറ്റങ്ങൾമൂലമോ എക്കലും ചെളിയും അടിഞ്ഞുകൂടിയതുകൊണ്ടോ ആകാം ഡാം തുറന്നതിനെത്തുടർന്നു മണലിപ്പുഴയിൽ വെള്ളപ്പൊക്കം ഉണ്ടായത്. അരമണിക്കൂർ ഇടവിട്ട് ഉയർന്ന ഉദ്യോഗസ്ഥർക്കും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനും റിപ്പോർട്ട് നൽകി. വൻദുരന്തം ഒഴിവാക്കാനുള്ള നടപടികൾമാത്രമാണു കൈക്കൊണ്ടതെന്നും നാശനഷ്ടങ്ങൾക്ക് ഇറിഗേഷൻ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരേ
പോലീസ് റിപ്പോർട്ട്
2019 മുതൽ അണക്കെട്ടിലെ ജലനിരപ്പ് റൂൾകർവ് പ്രകാരം നിയന്ത്രിച്ചിരുന്നെന്നും ജലനിരപ്പ് ജൂലൈ 19ന് റൂൾ കർവിനു മുകളിലെത്തിയെന്നും തുടർന്നുള്ള പത്തു ദിവസവും ജലനിരപ്പ് ഉയർന്നിട്ടും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തിട്ടും വെള്ളത്തിന്റെ അളവു നിയന്ത്രിക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നുമാണ് പോലീസ് റിപ്പോർട്ട്. മൂന്നു മണിക്കൂർ ഇടവിട്ടു കളക്ടർക്കു റിപ്പോർട്ട് നൽകിയില്ലെന്നും 72 ഇഞ്ചുവരെ ഉയർത്താൻ കളക്ടർ അനുമതി നൽകിയിട്ടില്ലെന്നും നിയമപ്രകാരമുള്ള മുന്നറിയിപ്പും മുന്നൊരുക്കവും നടത്തിയിട്ടില്ലെന്നും പുത്തൂരിൽ അഖിൽ എന്ന യുവാവ് വെളളക്കെട്ടിലകപ്പെട്ടു മരിച്ചതിലും നൂറുകണക്കിനു വളർത്തുമൃഗങ്ങൾ ചത്തതിലും ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി കളക്ടർക്കു റിപ്പോർട്ടും നൽകിയിരുന്നു.