പാർട്ടി വിട്ടതിനു വീടിനുമുന്പിൽ കിടങ്ങ്; വഴി തടയരുതെന്ന് ഹൈക്കോടതി
1481635
Sunday, November 24, 2024 5:47 AM IST
തൃശൂർ: സിപിഎമ്മിൽനിന്ന് രാജിവച്ചതിന്റെ വൈരാഗ്യത്തിൽ വീടിനുമുന്പിൽ കിടങ്ങുനിർമിച്ച സംഭവത്തിൽ വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നു ഹൈക്കോടതി. പറന്പിലെ കിണറ്റിൽനിന്നു വെള്ളമെടുക്കുന്നതു തടയരുതെന്നും വിധിയിലുണ്ട്.
പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, ജില്ലാ കളക്ടർ, സ്പെഷൽ തഹസിൽദാർ, പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ പ്രതിചേർത്തു വരന്തരപ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ വലിയകത്ത് ഹനീഫ സമർപ്പിച്ച റിട്ട് പെറ്റീഷനിലാണു ഹൈക്കോടതി വിധി.
കച്ചേരിക്കടവു പാലം അപ്രോച്ച് റോഡിന്റെ പേരുപറഞ്ഞു ഹനീഫയുടെ വീടിനോടു ചേർന്നുള്ള ഭൂമിയിൽ 14 അടി താഴ്ചയിൽ കുഴിയെടുത്തെന്നാണു പരാതി. കിണർ അടക്കമുള്ള 4.85 ഭൂമിയുടെ ഒരു സെന്റോളം ഭാഗത്താണു കിടങ്ങു നിർമിച്ചിട്ടുള്ളത്. സിപിഎം വരന്തരപ്പിള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എം. സജീവൻ, പഞ്ചായത്ത് അംഗം വരിക്കോടൻ റഷീദ്, കരാറുകാരൻ വിജേഷ് എന്നിവർക്കെതിരെയാണ് ആക്ഷേപം. സിപിഎം ഭരിക്കുന്ന വരന്തരപ്പിള്ളി സഹകരണബാങ്കിലെ അഴിമതി ചോദ്യംചെയ്തപ്പോൾ ഒറ്റപ്പെട്ടതിനെ തുടർന്നാണ് പാർട്ടിയിൽനിന്നു രാജിവയ്ക്കേണ്ടിവന്നതെന്നു ഹനീഫ പറഞ്ഞു.