ഭിന്നശേഷി കുട്ടികള്‍ക്കു കൈത്താങ്ങാകാൻ ലിറ്റില്‍ കൈറ്റ്സ്
1481616
Sunday, November 24, 2024 5:37 AM IST
തൃശൂർ: ഭിന്നശേഷി കുട്ടികള്‍ക്കു കൈത്താങ്ങാകാന്‍ എഐ സംവിധാനമുപയോഗിച്ചു പ്രോഗ്രാമുകൾ തയാറാക്കി ലിറ്റില്‍ കൈറ്റ്സ് ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍. പരിസ്ഥിതി സംരക്ഷണ ബോധവത്കരണ അനിമേഷന്‍ പ്രോഗ്രാമുകളും തയാറാക്കും.
സംസാരിക്കാനും കേള്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ആംഗ്യഭാഷയില്‍ സംവദിക്കാന്‍ കഴിവുള്ള പ്രോഗ്രാമുകളാണ് എഐ ഉപയോഗിച്ചു തയാറാക്കുന്നത്. കുട്ടികൾക്ക് ആംഗ്യഭാഷ പഠിക്കാന്‍ മാത്രമല്ല, അത്തരം കുട്ടികളോടു സംവദിക്കാനും പ്രോഗ്രാം പ്രേരണയും പ്രാപ്തിയുമുണ്ടാക്കും.
ജില്ലയിൽ 191 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 17,075 അംഗങ്ങളുള്ളതില്‍ സ്കൂള്‍തല ക്യാമ്പുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1212 കുട്ടികള്‍ ഉപജില്ലാക്യാമ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 86 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്കു തെരഞ്ഞെടുക്കും. പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ യൂണിസെഫ് സഹായത്തോടെയാണു ലിറ്റിൽ കൈറ്റ്സ് നടപ്പാക്കുന്നത്.