ചേലക്കരയിലെ രമ്യയുടെ തോൽവി: വിശദീകരിക്കാൻ ജില്ലാ നേതൃത്വം വിയര്ക്കും
1481639
Sunday, November 24, 2024 5:47 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിക്കു ചേലക്കരയിലൂടെ മറുപടിനൽകാനുള്ള യുഡിഎഫിന്റെയും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെയും നീക്കത്തിനു വൻ തിരിച്ചടി. തൃശൂരിൽ കെ. മുരളീധരന്റെ തോൽവിക്കു പിന്നാലെ ഡിസിസിയിൽ വൻ പൊട്ടിത്തെറിയുണ്ടായി. നേതാക്കൾക്കെതിരേ പ്രവർത്തകരും ഒരുവിഭാഗം പ്രാദേശിക നേതാക്കളും പരസ്യമായി മുന്നോട്ടുവന്നു.
ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ എന്നിവർക്കെതിരേ വൻ പ്രതിഷേധമുയർന്നു. എം.പി. വിൻസെന്റ്, അനിൽ അക്കര എന്നിവർക്കെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിഡിസി ഓഫീസിലുണ്ടായ സംഘർഷത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിന്റെ സ്ഥാനം തെറിച്ചു. പോലീസ് കേസുകളിലേക്കും പരസ്യമായ വിഴുപ്പലക്കലിലേക്കും കടന്നു. തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതി രൂപീകരിച്ചു റിപ്പോർട്ട് തയാറാക്കിയെങ്കിലും വെളിച്ചംകണ്ടില്ല. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന് ഡിഡിസി പ്രസിഡന്റിന്റെ ചുമതലനൽകി.
പാർലമെന്റിലെ ക്ഷീണം ചേലക്കരയിൽ പരിഹരിക്കാൻ വൻ മുന്നൊരുക്കങ്ങളാണു നടത്തിയത്. മുൻനിര നേതാക്കൾ ചേലക്കരയിലെത്തി കമ്മിറ്റികൾ പുനസംഘടിപ്പിച്ചു. ആലത്തൂർ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ചേലക്കരയിലെ മുന്നേറ്റം പരിഗണിച്ച് രമ്യ ഹരിദാസിനെത്തന്നെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു.
മണ്ഡലത്തിലും രമ്യ സജീവമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും ആദ്യംതന്നെ പ്രചാരണരംഗത്തു ശക്തമായി. നേതാക്കളും സ്ഥലത്തു ക്യാന്പ് ചെയ്ത് ഏകോപിപ്പിച്ചു. എന്നാൽ, ഇതിനൊന്നും നാട്ടുകാരനും മുൻ എംഎൽഎയുമായ യു.ആർ. പ്രദീപിന്റെ കുതിപ്പിനെ തടയാൻകഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ ഒരു റൗണ്ടിൽപോലും രമ്യ ഹരിദാസിനു മുന്നിലെത്താൻ കഴിഞ്ഞില്ല. 2021നെ അപേക്ഷിച്ച് വോട്ടുനില ഉയർത്താൻ കഴിഞ്ഞതാണ് നേരിയ ആശ്വാസം. ചേലക്കരയിലെ തോൽവിക്ക് വിശദീകരണം നൽകാൻ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയും തെരഞ്ഞെടുപ്പിനു ചുക്കാൻപിടിച്ച നേതാക്കളും വിയർക്കുമെന്നു വ്യക്തം.
സ്വന്തം ലേഖകൻ