വത്തിക്കാനിലെ മതപാര്‍ലമെന്റില്‍ പങ്കെടുക്കുന്നവർക്ക് ബിഷപ്സ് ഹൗസില്‍ യാത്രയയപ്പുനല്കി
1482074
Monday, November 25, 2024 7:59 AM IST
ഇരിങ്ങാലക്കുട: രൂപതയില്‍നിന്നും വത്തിക്കാനിലെ മതപാര്‍ലമെന്റില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് ബിഷപ്സ് ഹൗസില്‍ യാത്രയയപ്പുനല്കി. സനീഷ്കുമാര് ജോസഫ് എംഎല്‍എ, ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.ജെ. ജോജി, കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന് കൊടിയന്‍, അന്നമനട സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ജിയോ വട്ടേക്കാടന്‍ എന്നിവര്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഷാളും ബൊക്കെയും നല്കി യാത്രയയപ്പുനല്കിയത്.
വികാരി ജനറാള്‍ ഫാ. ജോളി വടക്കന്‍ അധ്യക്ഷനായിരുന്നു.
വികാരി ജനറാള്‍ ഫാ. വിത്സന് ഈരത്തറ സന്ദേശം നല്കി. ഷാജന് ചക്കാലയ്ക്കല്‍, ദേവസിക്കുട്ടി പനേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ശിവഗിരിമഠം വത്തിക്കാന്‍ ലോകപാര്‍ലമെന്റില്‍ ഇരിങ്ങാലക്കുട രൂപതയില്‍നിന്നും നാലുപേരാണു പങ്കെടുക്കുന്നത്. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തിലുള്ള സ്വാമിശ്രേഷ്ഠരും വിവിധ മതവിഭാഗങ്ങളിലെ പ്രതിനിധികളും വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി 29, 30 ഡിസംബര്‍ ഒന്ന് തീയതികളിലായാണു വത്തിക്കാനില്‍ സമ്മേളനം നടക്കുന്നത്. 29 ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സ്നേഹസംഗമത്തില്‍ പങ്കെടുക്കും. 30 ന് നടക്കുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുദേവന്റെ ദൈവദശകം ഇറ്റാലിയന്‍ ഭാഷയില്‍ ആലാപനം ചെയ്താണു സമ്മേളനം തുടങ്ങുന്നത്.