കള്ളപ്രചാരണം ജനം തള്ളി: കെ.രാധാകൃഷ്ണൻ
1481637
Sunday, November 24, 2024 5:47 AM IST
തൃശൂർ: സർക്കാരിനെതിരായ കള്ളപ്രചാരണം തള്ളിയതിന്റെ തെളിവാണു പ്രദീപിന്റെ വിജയമെന്നു കെ. രാധാകൃഷ്ണൻ എംപി. എല്ലായിടത്തും മികച്ച ലീഡ് ലഭിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ യുഡിഎഫ് ജീവൻമരണ പ്രചാരണമാണു നടത്തിയത്.
എല്ലാ കള്ളപ്രചാരവേലയും അവർ പുറത്തെടുത്തു. അതെല്ലാം ജനം അട്ടിമറിച്ചു. അടുത്തതവണയും കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന വ്യക്തമായ സൂചനയാണു ലഭിച്ചത്. പറഞ്ഞുണ്ടാക്കുന്നതല്ലാതെ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
വിജയത്തിൽ അഹങ്കരിക്കില്ല: മന്ത്രി രാജൻ
തൃശൂർ: ചേലക്കരയിൽ പ്രദീപിന്റെ വിജയത്തിൽ അഹങ്കരിക്കില്ലെന്നു മന്ത്രി കെ. രാജൻ. ജനങ്ങളോടു കൂടുതൽ കടപ്പെട്ടിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തോൽവികണ്ട് തിരിച്ചുവരവില്ലെന്നു കരുതിയ ഇതുവിരുദ്ധ കേന്ദ്രങ്ങൾക്ക് ഇത് ഷോക്കാണ്.
വോട്ടെടുപ്പു കഴിഞ്ഞ രാത്രിയിൽ ഇടതുപക്ഷത്തിനു കിട്ടിയ കണക്ക് കൃത്യമായിരുന്നു. മുന്പ് സ്വന്തംപക്ഷത്തെ വോട്ടു വർധിപ്പിക്കാനാണ് രാഷ്ട്രീയപ്പാർട്ടികൾ ശ്രമിച്ചതെങ്കിൽ ഇക്കുറി ഇടതുപക്ഷത്തിന് ഒരേസ്വരത്തിൽ ചരമഗീതമെഴുതാനാണ് നോക്കിയതെന്നും രാജൻ പറഞ്ഞു.
ചേലക്കരയിൽ വിജയത്തോളം വരുന്ന പ്രകടനം: അനീഷ്കുമാർ
തൃശൂർ: ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ പറഞ്ഞു. വിജയത്തോളം വരുന്ന പ്രകടനമാണ് എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷണൻ കാഴ്ചവെച്ചത്. യുഡിഎഫിന് കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിനേക്കാളും എൽഡിഎഫിന് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിനേക്കാളും വോട്ട് കുറഞ്ഞപ്പോൾ എൻഡിഎയ്ക്ക് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ 10,000 വോട്ടും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 5,000 വോട്ടും വർധിപ്പിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും കോണ്ഗ്രസിന്റെ സമുന്നതരായ നേതാക്കളും കാടിളക്കി പ്രചരണം നടത്തിയിട്ടും അതിനെയെല്ലാം മറികടന്ന് നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ഉപതെരെഞ്ഞെടുപ്പിലെ വോട്ടുവർധന വരാൻപോകുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും വിജയംനേടി ജില്ലയിലെ ഏറ്റവും വലിയ പാർട്ടിയായി മാറാൻ ബിജെപിക്ക് സഹായകരമാകുമെന്നും അനീഷ്കുമാർ പറഞ്ഞു.