കുണ്ടായി, ചൊക്കന പ്രദേശങ്ങളിൽ തന്പടിച്ച് അറുപതോളം കാട്ടാനകൾ
1482056
Monday, November 25, 2024 7:59 AM IST
പുതുക്കാട്: പാലപ്പിള്ളിയിൽനിന്ന് കുണ്ടായി, ചൊക്കന പ്രദേശത്തേക്കുള്ള റോഡിൽ കാട്ടാനശല്യം അതിരൂക്ഷമായി. ഈ മേഖലയിൽ മാസങ്ങളായി ആനകളുടെ സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞദിവസങ്ങളിൽ ഇവ അക്രമാസക്തമായതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഏറെയുള്ള പ്രദേശമാണിത്. ആനകൾ കൂട്ടത്തോടെ ഇവിടേക്ക് എത്തിയതോടെ നാട്ടുകാരുടെ സ്വൈര്യജീവിതം തകർന്നിരിക്കുകയാണ്. അറുപതോളം ആനകളാണ് പ്രദേശത്ത് ഇപ്പോഴുള്ളത്.
ഈ മേഖലയിലെ പറമ്പുകളിലും റബർ തോട്ടങ്ങളിലും റോഡിലും ആനകൾ ഇറങ്ങി ഭീതിവിതക്കുകയാണ്.കഴിഞ്ഞദിവസം കുണ്ടായിയിൽ റോഡിൽ പിടിയാന ഉറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതിനുസമീപത്തായി റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം വഴിയാത്രക്കാർക്കുനേരെ പാഞ്ഞടുത്തിരുന്നു. കാട്ടാന ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് മിക്കപ്പോഴും വഴിയാത്രക്കാർ രക്ഷപ്പെടുന്നത്. കാടുമൂടിയ തോട്ടങ്ങളിൽ നിന്ന് റോഡിലേക്കിറങ്ങുന്ന ആനകളെ അടുത്തെത്തുമ്പോഴാണ് വാഹനയാത്രക്കാർക്ക് കാണാനാവുക.
വനാതിർത്തികളിൽ കിടങ്ങുകൾതീർത്ത് ആനകളെ തടയുകയാണ് ഏക പോംവഴി. ഇതിനായി പലതവണ നാട്ടുകാർ വനംവകുപ്പിൽ പരാതിനൽകിയെങ്കിലും ഫണ്ടില്ലെന്ന കാരണംപറഞ്ഞ് അധികാരികൾ ഒഴിഞ്ഞുമാറുകയാണത്രേ.
ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ തടയാൻ യാതൊരു മാർഗവുമില്ലെന്ന നിലപാടിലാണ് വനപാലകർ. ഏതുസമയത്തും അക്രമാസക്തരാകുന്ന ആനകൾക്കിടയിൽ ജീവിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.