പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക: ശതാബ്ദിവർഷത്തിനു ദീപംതെളിഞ്ഞു
1482058
Monday, November 25, 2024 7:59 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രത്തിലെ ദേവാലയ പ്രതിഷ്ഠ ശതാബ്ദിവർഷത്തിന്റെ ഉദ്ഘാടനം അൾത്താരയിൽ ദീപംതെളിയിച്ച് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. കൈക്കാരൻമാരായ പി.ആർ. ജോർജ്, കെ.ജെ. ജോണി, വി.ആർ. ജോണ്‍, അബി ചെറിയാൻ, ശതാബ്ദിയാഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി, ജോയിന്റ് ജനറൽ കണ്‍വീനർമാരായ റപ്പായി കല്ലറക്കൽ, സൂസി പോളി, സെക്രട്ടറി ജോസ് ആലപ്പാട്ട്, പ്രതിനിധിയോഗം സെക്രട്ടറി ഇ.എഫ്. ലൂയിസ്, കുടുംബകൂട്ടായ്മ കണ്‍വീനർ ടി.ടി. ജോസഫ് എന്നിവർ ശതാബ്ദിദീപം ഏറ്റുവാങ്ങി.
ഔപചാരിക ദീപംതെളിയിക്കലിന് മുന്നോടിയായി മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വംനൽകിയ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയിൽ ഫാ. ഫെബിൻ ചിറയത്ത്, ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ എന്നിവർ സഹകാർമികരായി. ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത് ചടങ്ങുകൾക്കു നേതൃത്വംനൽകി.
രാവിലെ 10ന് പാടുംപാതിരി ഫാ. പോൾ പൂവത്തിങ്കൽ തിരുനാൾ പാട്ടുകുർബാനയർപ്പിച്ചു. തലോർ ജെറുസലേം ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ജോ പാച്ചേരിയിൽ തിരുനാൾ സന്ദേശം നൽകി. വൈകീട്ട് ജപമാല പ്രാർഥനയോടെ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും ലൂർദ് കത്തീഡ്രലിൽനിന്ന് വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടെ സാംസ്കാരിക ഘോഷയാത്രയായി വ്യാകുലം എഴുന്നള്ളിപ്പും നടന്നു.
തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ പോൾസൻ ആലപ്പാട്ട്, കണ്‍വീനർമാരായ എൻ.ഐ. ജോസഫ്, കെ.ആർ. പയസ് എന്നിവരും നേതൃത്വം നൽകി. ഇന്നു വൈകിട്ട് 6.30ന് ബാൻഡ് വാദ്യ മത്സരത്തോടും ഫാൻസി വർണമഴയോടുംകൂടി 99-ാം പ്രതിഷ്ഠാ തിരുനാളിനു കൊടിയിറങ്ങും.