ആകാശപ്പാതയിലെ നേരമ്പോക്ക് അതിരുവിടുന്നെന്ന് പരാതി
1482059
Monday, November 25, 2024 7:59 AM IST
തൃശൂർ: സാംസ്കാരിക നഗരിക്ക് അഭിമാനകരമായ ശക്തനിലെ ആകാശപ്പാതയിലെ നേരന്പോക്കുകൾ അതിരുവിടുന്നതായി ആക്ഷേപം. വൈകുന്നേരങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ പാതയിൽ പലയിടത്തായി തന്പടിക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും ചെറുകൂട്ടങ്ങളായും ഒറ്റയ്ക്കും എത്തിയുള്ള സല്ലാപങ്ങളാണ് ആക്ഷേപത്തിനിടയാക്കിയത്. ഇവർ തമ്മിലുള്ള ചില പെരുമാറ്റങ്ങൾ മറ്റു കാൽനടയാത്രികരെ നാണിപ്പിക്കുംവിധമാണെന്നാണ് ആരോപണം. ഇതിനെതിരെ ചില യാത്രികർ നേരിട്ടു പ്രതികരിക്കുന്നത് തർക്കത്തിനിടയാക്കുന്നു.
പലരും പിറന്നാൾ, വിവാഹ വാർഷികം പോലുള്ള ആഘോഷങ്ങൾക്ക് ആകാശപ്പാത തെരഞ്ഞെടുക്കുകയാണ്. കേക്കുകളും മറ്റു പാനീയങ്ങളുമായാണ് എത്തുന്നത്. ഇവർ കൂട്ടംകൂടിനിന്നു സെൽഫികളെടുക്കുന്പോൾ മറ്റുള്ളവർക്കു കടന്നുപോകാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഡാൻസ് കളിച്ചും ആർപ്പുവിളിച്ചുമെല്ലാമാണ് ആഘോഷങ്ങൾ. ശബ്ദം കേട്ടോ, മറ്റ് യാത്രികർ പറഞ്ഞറിഞ്ഞോ വാച്ച്മാൻ എത്തുന്പോഴേക്കും ചിലർ പിരിഞ്ഞുപോകും. ഇതൊന്നും ഇവിടെ പറ്റില്ലെന്നു വാച്ച്മാൻ ചിലരെ വിലക്കുന്നുണ്ടെങ്കിലും പലരും വകവയ്ക്കുന്നില്ല.
ചിലർ ആകാശപ്പാതയുടെ കൈവരികളിൽ കയറിയിരുന്നാണ് സല്ലാപങ്ങളിൽ ഏർപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ വാച്ച്മാൻ ചോദ്യംചെയ്യുന്പോൾ ആൺ, പെൺ വ്യത്യാസമില്ലാതെ ഭീഷണിപ്പെടുത്തുകയാണ്. വാച്ച്മാൻ സംയമനം പാലിക്കുന്നതുകൊണ്ടാണ് പലപ്പോഴും കൈയാങ്കളിയിലേക്കു കാര്യങ്ങൾ പോകാത്തത്.
രാവിലെ അഞ്ചുമുതൽ രാത്രി ഒന്പതുവരെയാണ് ആകാശപ്പാത കാൽനട യാത്രികർക്കായി തുറന്നുകൊടുക്കുന്നത്. എട്ടുവരെയെ ലിഫ്റ്റ് ഓപ്പറേറ്റർമാർ ഉണ്ടാകൂ. അതിനുശേഷം പ്രവർത്തനം അവസാനിപ്പിച്ചാലും പടികൾ കയറിവരുന്നിടത്ത് വാതിലുകളില്ലാത്തതിനാൽ പലരും സമയംകഴിഞ്ഞും ആകാശപ്പാതയിലൂടെ കയറുന്നുണ്ട്. നാലുഭാഗത്തുകൂടി കയറാൻ കഴിയുന്ന ആകാശപ്പാതയിൽ ഒരു സെക്യൂരറ്റി ജീവനക്കാരൻമാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുക.