പുത്തൻപള്ളിയുടെ ശതാബ്ദി വർഷത്തിന് ഇന്നു തിരിതെളിയും
1481636
Sunday, November 24, 2024 5:47 AM IST
തൃശൂർ: വിശ്വാസത്തിന്റെ 99 വർഷങ്ങൾ. 100 ാം വർഷത്തിലേയ്ക്ക് ചുവടുവയ് ക്കുന്ന പുത്തൻപള്ളിയെന്ന പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രത്തിന്റെ ശതാബ്ദിവർഷത്തിന് ഇന്നു തിരിതെളിയും. 1925 ൽ അന്നത്തെ രൂപത മെത്രാനായിരുന്ന മാർ ഫ്രാൻസിസ് വാഴപ്പിള്ളി വ്യാകുലമാതാവിനെ പ്രതിഷ്ഠിച്ച ദേവാലയത്തിൽ ഇന്നു രാവിലെ 7. 30 ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാനയ്ക്കുശേഷം അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ദീപം തെളിയിക്കുന്നതോടെയാണ് ശതാബ്ദി വർഷത്തിനു തുടക്കമാകുക.
ശതാബ്ദി വർഷം മുഴുവനും ഇടവകയിലെ എല്ലാ ഭവനങ്ങളിലും ഉപയോഗിക്കാനുള്ള പതാകകളും മെഴുകുതിരികളും പ്രാർഥനാകാർഡുകളുടെ വിതരണവും ഇന്നു നടക്കും. തീർഥകേന്ദ്രത്തിലെ 99 ാം പ്രതിഷ്ഠ തിരുനാളിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് വിവിധ യൂണിറ്റുകളിൽ നിന്നും താളമേള വാദ്യലയങ്ങളോടെ ആരംഭിച്ച അന്പ് എഴുന്നള്ളിപ്പിൽ പതിനായിരങ്ങൾ പങ്കുചേർന്നു. വിശുദ്ധ കുർബാന, നൊവേന, മാതാപാത, വള, വ്യാകുലം എഴുന്നളിപ്പ് എന്നിവയും ഉണ്ടായിരുന്നു.
പ്രതിഷ്ഠാദിനമായ ഇന്നു രാവിലെ ആറിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഫെബിൻ ചിറയത്തും പത്തിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. പോൾ പൂവത്തിങ്കൽ സിഎംഐയും മുഖ്യകാർമികനാകും. ഉച്ചകഴിഞ്ഞ് 3.30, രാത്രി 7. 30 എന്നീ സമയങ്ങളിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനകൾക്ക് ഫാ. പോൾ ചാലിശേരി, ഫാ. നോബി അന്പൂക്കൻ എന്നിവർ കാർമികരാകും. വൈകീട്ട് 4. 30 ന് ബസിലിക്കയിൽനിന്ന് ലൂർദ് കത്തീഡ്രലിലേയ്ക്ക് പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ ജപമാല പ്രദിക്ഷണം, 6. 30 നു ലൂർദ് കത്തീഡ്രലിൽ നിന്ന് ബസിലിക്കയിലേയ്ക്ക് പരിശുദ്ധവ്യാകുലം എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.