വരുമോ...ബസ് ഓടിക്കാനും ഇതരസംസ്ഥാന തൊഴിലാളികൾ ?ആലോചനയിലെന്നു ബസുടമകൾ
1482062
Monday, November 25, 2024 7:59 AM IST
സി.ജി. ജിജാസൽ
തൃശൂർ: താളംതെറ്റുന്ന ബസ് സർവീസും അവയെ താളത്തിൽ ഓടിക്കാൻ പാടുപെടുന്ന ഉടമകളും നെട്ടോട്ടമോടുന്ന സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസിനെ ശക്തമാക്കി തിരികെ കൊണ്ടുവരാനുള്ള തന്ത്രപ്പാടിൽ ബസ് അസോസിയേഷനുകൾ.
കോവിഡിനുശേഷം കട്ടപ്പുറത്തേറിയവയും, യാത്രക്കാരെ കിട്ടാതെ ഓട്ടംനിർത്തിയ ബസുകളും മൂലം തകർന്നടിഞ്ഞ ഈ രംഗത്തെ വീണ്ടെടുക്കാനായാണ് പുതിയ ആശയങ്ങളുമായി ബസുടമകൾ രംഗത്തുവരുന്നത്. നല്ല ഡ്രൈവർമാരിൽ പലരും പഠനത്തിന് നാടുവിട്ട് വിദേശങ്ങളിലേക്കു പറക്കുന്നതോടെ ബസ് സർവീസ് അപ്പാടെ താളം തെറ്റുന്നവേളയിലാണ് ഡ്രൈവർമാരായി ഇതരസംസ്ഥാന തൊഴിലാളികളെ വയ്ക്കാമെന്ന ആശയം ഉടമകൾ പങ്കുവയ്ക്കുന്നത്.
സർവമേഖലകളിലും കഴിവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയുമായി എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ എന്തുകൊണ്ട് ബസ് ഓടിക്കാൻ നിയോഗിച്ചുകൂടാ എന്ന ചിന്തയാണ് ബസ് മുതാളിമാർക്കും ഇപ്പോഴുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളെ ഡ്രൈവർമാരായി വയ്ക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ലല്ലോ, അവർക്കും അതിന് അർഹതയുണ്ടെന്നാണ് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ അഭിപ്രായപ്പെടുന്നത്. നാട്ടിൽ ട്രാക്ടർ ഓടിക്കുന്ന ഒട്ടേറെ ഇതരസംസ്ഥാനക്കാരുണ്ട്. അവർക്കു ബസ് ഓടിക്കാൻ താത്പര്യവുമുണ്ട്. എന്നാൽ ട്രാക്ടർ ഓടിക്കാൻ പോകുന്പോൾ കിട്ടുന്ന കൂലി ബസിനു കിട്ടുമോ എന്ന ആശങ്കയാണ് അവർക്ക്. ട്രാക്ടർ ഓടിച്ചാൽ രണ്ടായിരം രൂപയിലധികം കിട്ടും. ബസിൽ അത്രയും കൂലിയില്ല. ബസ് ഡ്രൈവിംഗിൽ ടെൻഷനും ഉത്തരവാദിത്തവും കൂടുമെന്നും ഇതരസംസ്ഥാന തൊഴിലാളികൾ പറഞ്ഞു. എന്നാൽ അധികംവൈകാതെ വളയം പിടിക്കാൻ അവരെത്തുമെന്നുള്ള പ്രതീക്ഷയാണ് ഉടമകൾ പങ്കുവയ്ക്കുന്നത്.
ആളെ കിട്ടാനില്ല: ബസുടമകൾ
ലഹരി ഉപയോഗം, മോശം പെരുമാറ്റം എന്നിവമൂലം പല ജീവനക്കാരെയും ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കാത്ത അവസ്ഥയുണ്ടെന്നാണ് ഭൂരിഭാഗം ഉടമകളും പറയുന്നത്. പലരെയും ഒഴിവാക്കുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ മാറ്റിനിർത്തിയാൽ പകരം ബസ് ഓടിക്കാൻ ആളെ കിട്ടുന്നില്ല.
അതിനാൽ പലപ്പോഴും അവർക്ക് വിധേയരാകേണ്ടി വരുന്ന. നാളെ വരുന്നില്ല എന്നുപറഞ്ഞ് ഡ്രൈവർമാർ വിളിച്ചാൽ ആ ദിവസത്തെ സർവീസ് മുടങ്ങിയെന്നുമാത്രം ചിന്തിച്ചാൽ മതി. കൂടുതൽ ചോദിക്കാൻനിന്നാൽ പിന്നെയുള്ള ദിവസങ്ങളിലും അവർ വരണമെന്നില്ലെന്നാണ് പല ഉടമകളും പറയുന്നത്.
യാത്രക്കാർക്ക് സമ്മിശ്ര പ്രതികരണം
മാന്യമായ പെരുമാറ്റവും തരക്കേടില്ലാത്ത ഡ്രൈവിംഗും ആണെങ്കിൽ ബസിൽ ആളുകയറുമെന്നാണ് യാത്രക്കാർ പറയുന്നത്. നിലവിൽ പല ബസ് ജീവനക്കാരുടെ പെരുമാറ്റവും അംഗീകരിക്കാൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ ഒരു മാറ്റം നല്ലതാണ്. മടിയുള്ളവരുടെ കൂട്ടത്തിൽ പണിയെടുക്കാൻ മടിയില്ലാത്തവർ വന്നാൽ മടിയന്മാരും പണിപഠിച്ചോളുമെന്നാണ് യാത്രക്കാരിൽ ഒരുവിഭാഗം പറയുന്നത്.
അതേസമയം എല്ലാരംഗവും ഇതരസംസ്ഥാന തൊഴിലാളികൾ കൈയടക്കുന്പോൾ നാട്ടിൽ തൊഴിലെടുക്കുന്നവർക്ക് അർഹിക്കുന്ന കൂലി ലഭിക്കുന്നില്ലെന്നും പലർക്കും അഭിപ്രായമുണ്ട്. പുറത്തുനിന്നു വരുന്നവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അവർ ഏതു തരക്കാരാണെന്ന് അറിയാത്ത സാഹചര്യമുണ്ടെന്ന ആശങ്കയും യാത്രികർ പങ്കുവച്ചു.