നടത്തറ പഞ്ചായത്തോഫീസ് നിര്‍മാണം ഉടന്‍: മന്ത്രി കെ. രാജന്
1481619
Sunday, November 24, 2024 5:37 AM IST
പുത്തൂർ: തുക അനുവദിച്ച നടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിര്‍മാണനടപടികള്‍ വേഗം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്. രണ്ട് നിര്‍മാണങ്ങളുടെയും രൂപകല്പനയ്ക്കായി പൊതുമരാമത്ത് ആര്കിടെക്ടുകള്ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്രനിലവാരത്തിലുള്ള സുവോളജിക്കല്‍പാര്‍ക്ക് സ്ഥിതിചെയ്യുന്ന പുത്തൂരിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി കുട്ടനെല്ലൂരില്‍നിന്ന് പയ്യപ്പിള്ളിമൂല വരെ നിര്‍മിക്കുന്ന മോഡല്‍ റോഡിന്റെ ഭാഗമായാണ് പുത്തൂര്‍ സെന്ററിലെ തെങ്ങുംവെട്ടുവഴിയില് പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നത്.
വിശാലമായ ബസ് സ്റ്റാന്‍ഡിനൊപ്പം മൂന്ന് നിലകളിലുള്ള വ്യാപാരസമുച്ചയമാണ് ഇവിടെ ഉയരുന്നത്. മന്ത്രിയുടെയും പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിന്റെയും സാന്നിധ്യത്തില്‍ പൊതുമരാമത്ത് ഡെ.ആര്‍കിടെക്ട് എം.കെ. നിത്യ, എക്സി.എന്‍ജിനീയര്‍ ടി.കെ. സന്തോഷ്കുമാര്‍, അസി. എക്സി.എന്‍ജിനീയര്‍ പി.ആര്. ബീന എന്നിവരാണ് സ്ഥലം പരിശോധിച്ചത്. പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. സജിത്ത്, പഞ്ചായത്തംഗങ്ങളായ പി.ബി. സുരേന്ദ്രന്, സനൂപ്, സെക്രട്ടറി അരുണ്‍ ജോണ്‍ എന്നിവരും ഒപ്പമുണ്ടായി.
നടത്തറ ഗ്രാമപഞ്ചായത്തിന് മൂര്‍ക്കനിക്കരയിലാണ് പുതിയ മൂന്നുനില കെട്ടിടം നിര്‍മിക്കുക. ഇതിനായുള്ള സ്കെച്ച് കൈമാറി. പ്ലാനും നിര്‍ദേശവും ഉടന്‍ കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി.ആര്. രജിത്ത്, സെക്രട്ടറി പ്രദീപ് എന്നിവരും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സ്ഥലത്തെത്തിയിരുന്നു. പുത്തൂര്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിന് മൂന്നുകോടി രൂപയാണ് ബജറ്റ് വിഹിതം. നടത്തറ പഞ്ചായത്ത് ഓഫീസിന് നാലുകോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.