കാർ കടത്തെന്നു കരുതി കണ്ടെയ്നർ തടഞ്ഞു ; കുടുങ്ങിയത് എടിഎം കവർച്ചാ സംഘം
1576251
Wednesday, July 16, 2025 7:44 AM IST
പനങ്ങാട്: കാർ കടത്തിക്കൊണ്ട് വരുന്നുവെന്ന സംശയത്തിൽ കണ്ടെയ്നർ ലോറി തടഞ്ഞ് പിടികൂടിയ മൂന്നംഗ സംഘം നിരവധി കേസുകളിലുൾപ്പെട്ടവരെന്ന് പോലീസ്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ദേശീയപാതയിൽ നെട്ടൂർ പള്ളി സ്റ്റോപ്പിൽ നിന്നും രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറിയും ഹരിയാന സ്വദേശികളായ നസീർ അഹമ്മദ് (32), സുധാം (35), രാജസ്ഥാൻ സ്വദേശി സെയ്കുൽ (32) എന്നിവരെയും പനങ്ങാട് പോലീസ് പിടികൂടിയത്.
മൂന്ന് ദിവസം മുന്പ് ഡൽഹിയിൽ നിന്നു പുറപ്പെട്ട ലോറിയിലുണ്ടായിരുന്ന സംഘം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നു ഇക്കോ കാർ മോഷ്ടിച്ച് കണ്ടെയ്നറിൽ കയറ്റുകയായിരുന്നു. കാർ മോഷണം പോയതറിഞ്ഞ ഉടമസ്ഥർ നൽകിയ പരാതിയിൽ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ കയറ്റിക്കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചത്.
ലോറി കേരളത്തിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് പാലിയേക്കര ടോളിലും കുമ്പളം ടോളിലും അറിയിപ്പ് നൽകിയിരുന്നു. പരിശോധനയിൽ ലോറി പാലിയേക്കര ടോൾ കടന്നെന്നു കണ്ടതിനെ തുടർന്ന് കുമ്പളം ടോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ മൂന്നോടെയാണ് പോലീസ് പട്രോളിംഗ് സംഘം ലോറിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
സംഘാംഗങ്ങളിലൊരാൾ രാവിലെ ആറോടെ പ്രാഥമിക കൃത്യം നിർവഹിക്കാനെന്നു പറഞ്ഞ് കടന്നു കളഞ്ഞെങ്കിലും രാവിലെ 11ഓടെ കുഫോസ് ക്യാമ്പസിലെ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഇയാളെ പോലീസ് പിടികൂടി. പിന്നീട് കണ്ടെയ്നർ തുറന്ന് പോലീസ് പരിശോധന നടത്തിയപ്പോൾ കാർ കണ്ടെത്താനായില്ല. കണ്ടെയ്നറിനുള്ളിൽ എസി യൂണിറ്റുകളും മെക്കാനിക്കൽ സ്പെയർ പാർട്ടുകളുമാണുണ്ടായിരുന്നത്. ഗ്ലാസ് കട്ടർ, ഗ്യാസ് കട്ടർ തുടങ്ങിയ സാമഗ്രികളും കണ്ടെത്തി.
സംഘത്തിലെ ഒരാൾക്കെതിരേ 12ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എടിഎം കവർച്ച നടത്തുന്നതും സംഘമാണെന്നു പറയുന്നു. കണ്ടെയ്നർ ലോറി എടിഎമ്മിനു മുന്നിൽ കാഴ്ച തടസപ്പെടുത്തും വിധം പാർക്ക് ചെയ്ത് എടിഎം കവർച്ച ചെയ്യുന്നതാണ് രീതി. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. പിടികൂടിയ കണ്ടെയ്നർ ലോറി മോഷ്ടിക്കപ്പെട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്. പോലീസ് കേസെടുത്തു.