സാധാരണക്കാരന്റെ വളർച്ച സാമൂഹ്യ വികസനത്തിന്റെ അളവുകോൽ: മാർ പാംബ്ലാനി
1576240
Wednesday, July 16, 2025 7:44 AM IST
കൊച്ചി: ധനാഢ്യരുടെ കിട്ടാക്കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളുമ്പോഴും സാധാരണക്കാരൻ തന്റെ വായ്പകൾ വിശ്വസ്തതയോടെ തിരിച്ചടയ്ക്കുന്നത് സമ്പത്തിനേക്കാളുപരി ആത്മാഭിമാനത്തിന് അവൻ വില കല്പിക്കുന്നതു കൊണ്ടാണെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനി.
അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, ഫെഡറൽ ബാങ്കുമായി സഹകരിച്ച് സ്ഥാപിച്ച ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി) 2000 എണ്ണം കടന്നതിന്റെ പ്രഖ്യാപന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ വളർച്ചയുടെ അളവുകോൽ അതിലെ ഏറ്റവും സാധാരണക്കാരന്റെ വളർച്ചയാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉമാ തോമസ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് 2000 ജെഎൽജികളെ അംഗീകരിച്ചതിന്റെ പ്രഖ്യാപനം സോണൽ ഹെഡ് സി.എം. ശശിധരൻ നടത്തി. വായ്പ പദ്ധതിയുടെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് ജോസ്മോൻ പി. ഡേവിഡ് നിർവഹിച്ചു.
സഹൃദയ ആരംഭിക്കുന്ന മനോമിത്രം കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം മാർ ജോസഫ് പാംബ്ലാനിയും ഓണത്തിന് ഓരോ വീട്ടിലും ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎയും നടത്തി. മികച്ച പ്രവർത്തനം നടത്തിയ ജെഎൽജി പ്രവർത്തകർക്കുള്ള അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു.
സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, അസി. ജനറൽ മാനേജർ സുനിൽ സെബാസ്റ്റ്യൻ, ചീഫ് കൺസൽട്ടന്റ് തോമസ് കടവൻ , അനിമേറ്റർമാരുടെ പ്രതിനിധി ജെയ്നി സാം രാജ് , ജെഎൽജി ഡവലപ്മെന്റ് ഓഫീസർ സി.ജെ. പ്രവീൺ,സഹൃദയ ടെക്ക് മാനേജർ ജീസ് പി. പോൾ എന്നിവർ പ്രസംഗിച്ചു.