പോലീസിൽ പരാതി നൽകിയതിൽ വിരോധം; വീട് ആക്രമിച്ച പ്രതി പിടിയിൽ
1576226
Wednesday, July 16, 2025 7:43 AM IST
മൂവാറ്റുപുഴ: പോലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ തകർക്കുകയും മോട്ടോർ സൈക്കിൾ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ.
വെള്ളൂർക്കുന്നം കടാതി ഒറമടത്തിൽ മോൻസി വർഗീസ് (44)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കടാതി സ്വദേശിയുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. ഷെഡിൽ ഇരുന്ന ഇരുചക്ര വാഹനം കനാലിൽ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പോലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് കാരണം. വീട്ടുകാരെ കൊല്ലുമെന്ന് പറഞ്ഞ് പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ച് തകർത്തതായും പറയുന്നു. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി.