മരടിൽ ചാറ്റ് ബോട്ട് സേവനം തുടങ്ങി
1576236
Wednesday, July 16, 2025 7:43 AM IST
മരട്: നഗരസഭാ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ എന്ന ആശയം മുൻനിർത്തി മരട് നഗരസഭ നടപ്പിലാക്കിയ ചാറ്റ് ബോട്ട് സംവിധാനത്തിന് തുടക്കം കുറിച്ചു. നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങ് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതിയധ്യക്ഷന്മാരായ റിയാസ് കെ. ഹമ്മദ്, റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ ദിഷ പ്രതാപൻ, പി.ഡി. രാജേഷ്, സിബി സേവ്യർ, മോളി ഡെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
ഉപഭോക്താക്കൾക്ക് മികച്ച രീതിയിലുള്ള സേവനം ഉറപ്പു വരുത്തുന്നതോടൊപ്പം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളുപയോഗിച്ച് രാജ്യത്തെവിടെയിരുന്നും മരട് നഗരസഭയുടെ സേവനത്തോടൊപ്പം മറ്റു നഗരസഭകളുടേയും സേവനം ജനങ്ങൾക്ക് ലഭിക്കും.
8138969747 എന്ന ചാറ്റ്ബോട്ടിന്റെ വാട്സാപ്പ് നമ്പറിലേയ്ക്ക് 'ഹായ്' അയച്ച് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് അനുബന്ധരേഖകൾ അപ്ലോഡ് ചെയ്ത് ആവശ്യമായ സേവനങ്ങൾ 24 മണിക്കൂറും വാട്സ്ആപ്പിലൂടെ തന്നെ ഗുണഭോക്താവിന് ലഭ്യമാകും.കെ-സ്മാർട്ട് പോലുള്ള സർക്കാർ സംവിധാനങ്ങളിലേയ്ക്കും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ഒരൊറ്റ ക്ലിക്കിൽ സാധ്യമാകും.