വി.ടി. ജോബിനെ ശ്രേഷ്ഠ ബാവ സന്ദർശിച്ചു
1576227
Wednesday, July 16, 2025 7:43 AM IST
കൂത്താട്ടുകുളം: സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകനായ വി.ടി. ജോബിനെ യാക്കോബായ സഭായുടെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ ഭവനത്തിൽ എത്തി സന്ദർശിച്ചു. അതീവ ഗുരുതര വിഭാഗത്തിൽപ്പെട്ട മൾട്ടിപ്പിൾ മൈലോമ എന്ന അത്യപൂർവ കാൻസർ ബാധിച്ച് നട്ടെല്ലിന് ശാസ്ത്രക്രിയക്കും തുടർന്നു മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്കും വിധേയനായ വി.ടി. ജോബ് കഴിഞ്ഞ രണ്ടര വർഷമായി ആഴ്ച തോറും കീമോതെറാപ്പി ചെയ്ത് വരികയാണ്.
ഫാ. ടോം ഉഴുന്നാലിന്റെ മോചന ശ്രമങ്ങൾ രാജ്യാന്തര തലത്തിൽ ഏകോപിച്ചതും ഏതനിലെ തീവ്രവാദി ആക്രമണത്തിൽനിന്നും രക്ഷപ്പെട്ട മദർ തെരേസ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഏക കന്യാസ്ത്രീ സിസ്റ്റർ സാലിയെ രക്ഷപ്പെടുത്തി നാട്ടിൽ എത്തിച്ചതും വി.ടി. ജോബായിരുന്നു.
യുദ്ധ മേഖലകളിലും വിസ തട്ടിപ്പിലും കുടുങ്ങിയ മലയാളി നഴ്സുമാരുടെ മോചന ശ്രമത്തിന്റെ ഭാഗമായ സർക്കാർ ഉദ്യമത്തിൽ നിരവധി തവണ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.
പ്രളയ-കോവിഡ് കാലത്തെ പ്ലാസ്മ ഡോണേഴ്സിനെ ഏകോപിപ്പിച്ചതടക്കം നടത്തിയ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജോബിന്റെ ഭവനത്തിലെത്തിയ ശ്രേഷ്ഠ കാതോലിക്കാ ബാവ രോഗമുക്തിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തിയാണ് മടങ്ങിയത്. ബാവയോടൊപ്പം യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബോബൻ വർഗീസും ഉണ്ടായിരുന്നു.