കൈയിൽ വിലങ്ങുമായി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതം
1576244
Wednesday, July 16, 2025 7:44 AM IST
കളമശേരി: കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കളമശേരി സ്റ്റേഷനിൽനിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി എത്തിക്കുന്നതിനിടയിൽ പോലീസിന്റെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയായ ബാബു റാം എന്ന് വിളിക്കുന്ന പത്മൻ സമൽ (42) ആണ് കൈയിലെ വിലങ്ങുമായി രക്ഷപ്പെട്ടത്.
കഞ്ചാവുമായി പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവര പ്രകാരമാണ് പത്മൻ സമലിനെ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. പോലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ, സ്റ്റേഷനിൽനിന്ന് ആവശ്യപ്പെട്ട പ്രകാരം ജീപ്പ് തിരികെ വിട്ട പോലീസ്, പ്രതിയുമായി ഓട്ടോറിക്ഷയിലാണ് യാത്ര തുടർന്നത്. സ്ഥലത്തെത്തിയപ്പോൾ ഓട്ടോയിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് അഴിക്കുകയും പുറത്തിറങ്ങിയ പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ തൃക്കാക്കര എസിപിയോട് കമ്മീഷണർ വിശദീകരണം തേടി.