നഗരത്തിലെ ഫ്ലാറ്റില്‍ വന്‍ ലഹരിവേട്ട; യുവതിയടക്കം നാലുപേർ പിടിയില്‍
1576249
Wednesday, July 16, 2025 7:44 AM IST
കൊച്ചി: എറണാകുളം എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ലാറ്റില്‍ വൻ ലഹരിവേട്ട. യുവതിയടക്കം നാലുപേര്‍ അറസ്റ്റിലായി. മലപ്പുറം മൂര്‍ക്കനാട് വലിയപാലത്തിങ്കല്‍ മുഹമ്മദ് ഷാമില്‍ (28), കോഴിക്കോട് ചേലന്നൂര്‍ നരിക്കുനി ഇരുവള്ളൂര്‍ ചിറ്റാടിപുറയില് അബു ഷാമില്‍ (28), മലപ്പുറം വലിയങ്ങാടി ചങ്ങറംപിള്ളി ഫല്ജാസ് മുഹമ്മദ് അഫ്നാന് (26), കോഴിക്കോടി മുണ്ടക്കല്‍ ചേലന്നൂര്‍ പ്രശാന്തിയില്‍ എസ്.കെ. ദിയ (24) എന്നിവരെയാണ് പിടികൂടിയത്.
115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സ്റ്റസി ടാബ്ലറ്റുകള്, രണ്ടുഗ്രാം കഞ്ചാവ്, 50,000 രൂപ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. കൊച്ചി നഗരത്തില്‍ സംശയമുള്ളവരുടെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് എളംകുളത്തുള്ള ഇവരുടെ ഫ്ളാറ്റും പരിശോധിച്ചത്.
മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ള ആള് ഫ്ലാറ്റില്‍ നിന്നും ഇറങ്ങിവരുന്നത് ഡാന്‍സാഫ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും ലഹരി കണ്ടെത്താനായില്ല.
തുടര്‍ന്ന് ഫ്ളാറ്റിനുള്ളിലേക്ക് കടന്ന പോലീസ് സംഘത്തെ അവിടെയുണ്ടായിരുന്ന യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരിവസ്തുക്കള്‍ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് അവ വീണ്ടെടുത്തു.
ഇവിടെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതിനു പിന്നാലെ മറ്റുള്ളവരും വന്നുചേരുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.