കാർ മോഷ്ടിച്ച് പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവിനെ പിടികൂടി
1576225
Wednesday, July 16, 2025 7:43 AM IST
മൂവാറ്റുപുഴ: കാർ മോഷ്ടിച്ച് നന്പർ മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ മുളവൂർ സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടി. മുളവൂർ പേണ്ടാണത്ത് അൽ സാബിത്തി (20) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരുട്ടുകാവ് ഭാഗത്തെ വീട്ടിൽനിന്ന് കഴിഞ്ഞ നാലിന് പുലർച്ചെ വീടിന്റെ പോർച്ചിൽനിന്ന് സ്വിഫ്റ്റ് കാർ മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തിയ വാഹനം അന്നുതന്നെ തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തി.
തുടർന്ന് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്ര. പ്രതി വാഹനത്തിന് വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷമായിരുന്നു ഉപയോഗിച്ച് വന്നിരുന്നത്. ആർഭാട ജീവിതത്തിനായിട്ടാണ് മോഷണം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു. സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. ഡിവൈഎസ്പി പി.എം ബൈജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, പി.ബി. സത്യൻ, പി.സി. ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, എച്ച്. ഹാരിസ്, സിപിഒ ശ്രീജു ചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.