പെരിയാർവാലി കനാലുകളില്‍ വെള്ളമില്ല; കുടിവെള്ളക്ഷാമം രൂക്ഷം
1481875
Monday, November 25, 2024 5:05 AM IST
പെരുമ്പാവൂര്‍: കുടിവെള്ള ക്ഷാമം രൂക്ഷമായ പെരുന്പാവൂരിൽ പെരിയാർ വാലി കനാലുകളിൽ ഇതുവരെ വെള്ളമെത്തിയില്ല. ഇതുമൂലം കിണറുകളില്‍ വെള്ളം വറ്റിത്തുടങ്ങി.
മുടക്കുഴ, വേങ്ങൂര്‍, കൂവപ്പടി, അശമന്നൂര്‍ തുടങ്ങി നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മേഖലകളില്‍ ജല അഥോറിറ്റിയുടെ കുടിവെള്ളം പലപ്പോഴും കിട്ടാത്ത അവസ്ഥയാണ്.
വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരെ ജനപ്രതിനിധികള്‍ വിളിച്ചാല്‍ പുഴയില്‍ കലക്കവെള്ളമാണുന്നുള്ള മറുപടിയാണ് ലഭിക്കുന്നതത്രേ.
വീടുകളിലേക്കുള്ള കണക്ഷനുകളില്‍ പലപ്പോഴും കുടിവെളളം ലഭിക്കാതെ ഉപഭോക്താക്കള്‍ കഷ്ടപ്പെടുകയാണ്. പെപ്പുകള്‍ പല സ്ഥലത്തും പൊട്ടിയതുകൊണ്ടും വെള്ളം ലീക്കായി പോകുന്നതുകൊണ്ടുമാണ് ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നത്.
പെരിയാര്‍വാലി കനാലുകളില്‍ തൊഴിലുറപ്പു തൊഴിലാളികളുടെ ശുചീകരണ പ്രവർത്തനങ്ങള്‍ പല പഞ്ചായത്തുകളിലും കഴിഞ്ഞിട്ടുണ്ട്.
പുരയിടങ്ങളിലെ കൃഷികള്‍ക്ക് നനയ്ക്കാനും കിണറുകളിലെ വെള്ളം വറ്റിയിതിനാല് നടക്കുന്നില്ല.
കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പെരിയാര്‍വാലി കനാലുകളില്‍ വെള്ളം തുറന്നുവിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന് ആവശ്യപ്പെട്ടു.