റവന്യൂ ജില്ലാ കലാ മേള; ഊട്ടുപുര സജ്ജമായി
1481874
Monday, November 25, 2024 5:05 AM IST
പെരുമ്പാവൂർ : എംജിഎം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയായി ഇന്നു മുതൽ 29 വരെ നടക്കുന്ന എറണാകുളം റവന്യു ജില്ലാ കലാമേളയുടെ ഊട്ടുപുരസജ്ജമായി. ഊട്ടുപുരയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. സെന്റ് മേരീസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്. അഞ്ചു ദിവസത്തെ മേളയിൽ 25,000ത്തോളം കലാ പ്രതിഭകൾക്കും എസ്കോർട്ടിംഗ് ടീച്ചേഴ്സ്, ഒഫീഷലുകൾ ഉൾപ്പെടെയുള്ളവർക്കുമാണ് ഭക്ഷണം ഒരുക്കുന്നത്.
കലോത്സവങ്ങളിലെ നിറ സാന്നിധ്യം ഹരി സ്വാമിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ കാറ്ററിംഗ് ആണ് ഊട്ടുപുരയിലെ പാചക നേതൃത്വം. 40 വർഷത്തിലേറെ പാചക രംഗത്ത് തിളക്കമാർന്ന പ്രവർത്തന കാഴ്ചവെച്ചിട്ടുള്ള ഹരിസ്വാമിയാണ് 10 വർഷക്കാലമായി ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ഭക്ഷണം തയാറാക്കുന്നത്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ ചെയർമാനായും കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യൂ കൺവീനറും കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വിൻസന്റ് ജോസഫ്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ കെപിഎസ്ടിഎ അധ്യാപക സംഘടനയാണ് ഭക്ഷണകമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പാലുകാച്ചൽ ചടങ്ങിൽ കലോത്സവ സംഘാടക സമതി ചെയർമാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎ, വർക്കിംഗ് ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മനോജ് മുത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ഡിഡിഇ ഹണി ജി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.