വളന്തകാട് പാലം: മൂന്നാമത്തെ സ്പാൻ സ്ഥാപിക്കൽ അവസാന ഘട്ടത്തിൽ
1481873
Monday, November 25, 2024 5:05 AM IST
മരട്: വളന്തകാട് പാലത്തിന്റെ മൂന്നാമത്തെ സ്പാൻ സ്ഥാപിക്കൽ അവസാന ഘട്ടത്തിൽ. 54 ടൺ ഭാരമുള്ള സ്പാൻ സ്ഥാപിക്കാൻ 75 ടണ്ണിന്റെ ക്രെയിനും 600 ടൺ കപ്പാസിറ്റിയുള്ള ജങ്കാറുമെത്തിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഒന്പതു ദിവസത്തിലധികമായി സ്പാൻ സ്ഥാപിക്കൽ തുടങ്ങിയിട്ട്. മൂന്നു ദിവസത്തെ ഫിറ്റിംഗ്സുകൾ കൂടി ബാക്കിയുണ്ട്.
ഒരുമിച്ച് കയറ്റാൻ സാധിക്കാത്തത് കൊണ്ട് വിവിധ ഭാഗങ്ങളായിട്ടാണ് ഘടിപ്പിക്കുന്നത്. അടിയിൽ ഷീറ്റ് വിരിച്ച് കോൺക്രീറ്റ് ചെയ്യലും ഹാൻഡ്റെയിൽ സ്ഥാപിക്കലും നടക്കുന്നതോടെ താത്കാലികമായി പാലം നിർമാണം പൂർത്തിയാകും.
ഒരു വർഷത്തിലധികമായി നിർമാണം മുടങ്ങിക്കിടന്ന വളന്തകാട് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നവംബർ മൂന്നിനാണ് ആരംഭിച്ചത്. മുൻ എംഎൽഎ എം. സ്വരാജ് അനുവദിച്ച 46ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനമാണ് ആരംഭിച്ചിട്ടുള്ളത്.
നിർമാണം പൂർത്തീകരിക്കുന്നതോടെ പാലത്തിലൂടെ കാൽനടയായി വളന്തകാടിലേയ്ക്ക് പോകാനാകും.
തുടർച്ചയായി എംപി എ.എ. റഹീമിന്റെ ഫണ്ടിൽ നിന്നും മുന്നുകോടി അപ്രോച്ച് റോഡിന്റെ നിർമാണത്തിന് വിനിയോഗിക്കുന്നതോടെ വളന്തകാട് പാലത്തിന്റെ നിർമാണം പൂർത്തിയാകും.