സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ
1481868
Monday, November 25, 2024 4:25 AM IST
വാഴക്കുളം: സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. വാഴക്കുളത്തുനിന്ന് തെക്കുംമല, കാവന തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡിന്റെ സംരക്ഷണഭിത്തിയാണ് വശം തകർന്ന് അപകടഭീഷണി ഉയർത്തുന്നത്.
20 അടിയോളം നീളത്തിലാണ് കൽക്കെട്ടും റോഡും തകർന്നിരിക്കുന്നത്. 15 അടിയോളം താഴ്ചയുള്ള ഇവിടെ റോഡിലേക്കുള്ള പലയിടത്തും വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴ പെയ്യുമ്പോൾ റോഡിലൂടെ എത്തുന്ന വെള്ളം കുത്തിയൊഴുകി മണ്ണിടിച്ചിൽ ശക്തമാകുന്നുമുണ്ട്.ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, കാർമൽ സ്കൂൾ, ചാവറ അക്കാദമി എന്നീ സ്കൂളുകളിലെ 50 ൽ അധികം സ്കൂൾ ബസുകളും മറ്റ് നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.
സമീപമുള്ള പുരയിടത്തിലെ തടി വാഹനത്തിൽ കയറ്റിയപ്പോഴാണ് സംരക്ഷണഭിത്തി തകർന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതു സംബന്ധിച്ച് സ്കൂൾ അധികൃതർ കല്ലൂർക്കാട് പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.
മൂന്നാഴ്ച കഴിഞ്ഞിട്ടും സംരക്ഷണഭിത്തി പുനർ നിർമാണം സംബന്ധിച്ച് നടപടി ഒന്നുമായിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.