"എലി ഫയൽ കരണ്ടു' : വിവരാവകാശ മറുപടിയിൽ ഞെട്ടി ആവലാതിക്കാരൻ
1453193
Saturday, September 14, 2024 3:12 AM IST
ഉദയംപേരൂർ: പഞ്ചായത്തിലെ ഫയലുകളും രജിസ്റ്ററുകളും എലികരണ്ടു-വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ എലിയെ പഴിച്ച് പഞ്ചായത്തിന്റെ മറുപടി. ഉദയംപേരൂർ ഉദയഗിരി രാഹുൽഭവനിൽ പി.പി.രാജുവിനാണ് പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽ നിന്നും വിചിത്ര മറുപടി ലഭിച്ചത്.
ഉദയംപേരൂർ രണ്ടാം വാർഡിൽ ചേർന്ന ഗ്രാമസഭകളുടെ എണ്ണം, പങ്കെടുത്ത ആളുകളുടെ വിവരങ്ങൾ, വാർഡിൽ നിന്നും തെരഞ്ഞെടുത്ത ജനപ്രതിനിധിയുടെ സ്വത്ത് വിവരങ്ങൾ എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടായിരുന്നു പി.പി. രാജു വിവരാവകാശ നിയമപ്രകാരം ഉദയംപേരൂർ പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ജൂൺ 10 ന് അപേക്ഷ നൽകിയത്.
ആദ്യത്തെ രണ്ട് ആവശ്യങ്ങൾക്ക് മറുപടി ലഭിച്ചെങ്കിലും മൂന്നാമത്തേത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല എന്നായിരുന്നു മറുപടി. തുടർന്ന് ജൂലൈ അഞ്ചിന് രാജു നൽകിയ അപ്പീൽ അപേക്ഷയിൽ പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി ഒപ്പിട്ടു നൽകിയ മറുപടിയിലാണ് റിക്കാർഡ് റൂമിലെ റാക്കുകളിൽ എലികയറി ഫയലുകൾ നശിപ്പിച്ചതായി പറയുന്നത്.