ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റ്: ട്രാക്കിൽ റിക്കാർഡ് വരൾച്ച
1599659
Tuesday, October 14, 2025 7:31 AM IST
കൊച്ചി: കൊച്ചിക്ക് കായികവിരുന്നൊരുക്കി മൂന്നുനാള്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ട്രാക്കിനങ്ങള്ക്ക് മീറ്റിലെ ആദ്യ റിക്കാര്‍ഡ് പ്രകടനത്തോടെ സമാപനം. ഇന്നു മുതല്‍ കോതമംഗലം എംഎ കോളജിന്റെ ഗ്രൗണ്ടിലാണ് കിരീടത്തിലേക്കുള്ള അവസാന ലാപ്പിലെ പോരാട്ടം. പോൾ വോൾട്ടും ത്രോ ഇനങ്ങളും ഉള്‍പ്പെടെ ഇന്നും നാളെയും 35 ഇനങ്ങളിൽ മത്സരങ്ങള്‍ ഉണ്ടാകും.
ട്രാക്കിലും ജംപിംഗ് പിറ്റിലുമായി 72 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ കിരീടപ്പോരില്‍ കോതമംഗലം തന്നെയാണ് മുന്നില്‍. 30 സ്വര്‍ണവും 20 വെള്ളിയും 12 വെങ്കലവുമടക്കം 223 പോയന്റുണ്ട് കോതമംഗലത്തിന്. രണ്ടാം സ്ഥാനത്തുള്ള അങ്കമാലി ഉപജില്ല ഇന്നലെ 10 സ്വര്‍ണമടക്കം 17 മെഡലുകള്‍ നേടി ആദ്യസ്ഥാനക്കാരുമായുള്ള അകലം 45 പോയന്റാക്കി കുറച്ചു. 21 സ്വര്‍ണവും എട്ട് വെള്ളിയും 14 വെങ്കലവും അടക്കം 178 പോയന്റാണ് അങ്കമാലിക്ക്. വൈപ്പിന്‍ (54) ഉപജില്ലയെ പിന്തള്ളി പെരുമ്പാവൂര്‍ (60) മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
കോതമംഗലത്തിന്റെ ആകെ നേട്ടത്തില്‍ 218 പോയന്റും മാര്‍ ബേസില്‍ എച്ച്എസ്എസിന്റെയും (168), കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിന്റെയും (50) സംഭാവനയാണ്. 23 സ്വര്‍ണവും 14 വെള്ളിയും 11 വെങ്കലവുമാണ് നിലവിലെ സ്കൂള്‍ ചാമ്പ്യന്മാരായ മാര്‍ ബേസില്‍ കുട്ടികള്‍ നേടിയത്. സെന്റ് സ്റ്റീഫന്‍സിന് ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും. നാല് സ്വര്‍ണമുള്‍പ്പെടെ 45 പോയന്റുമായി അങ്കമാലി മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് മൂന്നാം സ്ഥാനത്തുണ്ട്.
സാധാരണ മൂന്ന് ദിനങ്ങളിലായി നടക്കാറുള്ള ജില്ലാ മീറ്റ് ഇതാദ്യമായാണ് അഞ്ച് ദിവസം നീളുന്നത്. മഹാരാജാസ് ഗ്രൗണ്ടില്‍ ത്രോ ഏരിയ ലഭ്യമാവാത്തതിനാലാണ് ത്രോ, പോള്‍വോള്‍ട്ട് മത്സരങ്ങള്‍ കോതമംഗലം എംഎ കോളജ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ആറിന് ക്രോസ് കണ്ട്രി മത്സരങ്ങള്‍ ആരംഭിക്കും.
8.30ന് ജൂണിയര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടും തുടര്‍ന്ന് മറ്റു വിഭാഗങ്ങളിലെ മത്സരങ്ങളും നടക്കും. ജൂണിയര്‍ ഗേള്‍സിന്റെ ഷോട്ട്പുട്ട്, സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ, സീനിയര്‍ ഗേള്‍സ് ഹാമര്‍ത്രോ ഇനങ്ങളും ഒരേസമയം നടക്കും. ജാവ്ലിന് ത്രോയിലാണ് ബുധനാഴ്ച പ്രധാന മത്സരം.
റിലേ റദ്ദാക്കി
കൊച്ചി: മത്സരത്തിന് മതിയായ ടീമുകളില്ലാത്തതിനാല്‍ രണ്ട് റിലേ ഇനങ്ങള്‍ റദ്ദാക്കി. ജില്ലാ സ്കൂള്‍ കായികമേളയില്‍ ഇന്നലെ നടക്കേണ്ട സീനിയര്‍ ആണ്‍കുട്ടികളുടെ 4X400 റിലേയും ശനിയാഴ്ച നടക്കേണ്ടിയിരുന്ന സീനിയര്‍ പെണ്‍കുട്ടികളുടെ സ്പ്രിന്റ് റിലേയുമാണ് റദ്ദാക്കിയത്. മത്സരം നടത്താന്‍ കുറഞ്ഞത് മൂന്ന് ടീമുകളെങ്കിലും വേണം. റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞിട്ടും നിശ്ചിത ടീമുകള്‍ എത്താത്തതിനാല്‍ മത്സരം റദ്ദാക്കുകയായിരുന്നു.
ആവശ്യത്തിന് ഹര്‍ഡില്‍സുകള്‍ ഇല്ലാത്തതിനാല്‍ മീറ്റിലെ ഗ്ലാമര്‍ ഇനമായ ഹര്‍ഡില്‍സ് മത്സരം ടൈം ട്രയലായാണ് നടത്തിയത്. മൂന്ന് ട്രാക്കുകളില്‍ മാത്രമാണ് ഹ്ഡിലുകള് നിരത്തിയത്. ഒരേസമയം മൂന്ന് പേര്‍ക്ക് ഓടാവുന്ന രീതിയിലായിരുന്നു ക്രമീകരണം. ഏറ്റവും മികച്ച സമയം കുറിച്ചവരെ ആദ്യമൂന്ന് സ്ഥാനക്കാരാണ് സംസ്ഥാന പോരാട്ടത്തിന് യോഗ്യത നേടിയത്.
ട്രിപ്പിളടിച്ചേ...
കൊച്ചി: ട്രാക്ക് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടവുമായി കോതമംഗലം മാര്‍ ബേസിലിന്റെ താരങ്ങള്‍. മുഹമ്മദ് അലി ജൗഹര്‍, ബേസില്‍ ബെന്നി ജേക്കബ്, കീര്‍ത്തന കലേഷ് എന്നിവരാണ് മൂന്നിനങ്ങളില്‍ സ്വര്‍ണനേട്ടം കൈവരിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് കീര്‍ത്തനയുടെ ഇന്നലത്തെ സ്വര്‍ണ നേട്ടം. കഴിഞ്ഞ ദിവസം 800,1500 മീറ്ററുകളില്‍ കീര്‍ത്തന സ്വര്‍ണം നേടിയിരുന്നു. ഇടുക്കി കാല്‍വരി മൗണ്ട് സ്വദേശികളായ കലേഷ് കുമാര്‍-മിനി ദമ്പതികളുടെ മകളാണ്.

കോതമംഗലം അടിവാട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജൗഹര്‍ സീനിയര്‍ ബോയ്സ് 200 മീറ്റര്‍, 400 മീറ്റര്‍, 100 മീറ്റര്‍ ഇനങ്ങളിലാണ് പൊന്നണിഞ്ഞത്.
സീനിയര്‍ ബോയ്സ് 800 മീറ്റര്‍, 1500 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളിലാണ് ബേസില്‍ ബെന്നിയുടെ സ്വര്‍ണക്കൊയ്ത്ത്. മാര്‍ ബേസിലിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇതേ സ്കൂളിലെ കായികാധ്യാപിക ഷിബി മാത്യുവിന്റെയും ബെന്നി കെ. ജേക്കബിന്റെയും മകനാണ് ബേസില്‍ ബെന്നി.
ഞായറാഴ്ച മാര്‍ ബേസില്‍ എച്ച്എസ്എസിലെ ഡാനിയല്‍ ഷാജിയും കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അദബിയ ഫര്‍ഹാനും ട്രിപ്പിളടിച്ചിരുന്നു.
ഒടുവില്‍ എഡിസണ് കണ്ടുപിടിച്ചു, റിക്കാര്‍ഡ്
കൊച്ചി: റിക്കാര്‍ഡുകള്‍ കുറിക്കപ്പെടാതെ പോയ ആദ്യ രണ്ടു ദിനങ്ങള്‍ക്കുശേഷം ട്രാക്കിലെ ഏക റിക്കാര്‍ഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരന് എഡിസൺ മനോജ്. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലാണ് കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ താരമായ അമല്‍ ജോര്‍ജ് 2006ല്‍ സ്ഥാപിച്ച റിക്കാര്‍ഡ് (24.86) എഡിസണ് തിരുത്തിയത്. 24.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എഡിസന് സ്പ്രിന്റ് ഡബിളും തികച്ചു.

ഒന്നാമതെത്തുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും റിക്കാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിസണ്. ആദ്യം ഫുട്ബോളായിരുന്നു ഇഷ്ടം. ഫുട്ബോളില്‍ പ്രതിരോധതാരമായിരുന്നു. മൂക്കന്നൂര്‍ സ്കൂളിലെ ശ്യാം ശിവന് സാറാണ് ഓടിക്കാന്‍ തുടങ്ങിയത്. അങ്കമാലി ചുള്ളി സ്വദേശിയായ മനോജ് - ജോണ്‍സി ദമ്പതികളുടെ മകനാണ്.
ചേട്ടന്റെ പൊന്നനുജത്തി
കൊച്ചി: ചേട്ടനുപിന്നാലെ ട്രാക്കിലും പിറ്റിലും തിളങ്ങി സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി ടി.വി. അപര്‍ണ. ജില്ലാ സ്കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗം 100 മീറ്ററില്‍ ഒന്നാമതായി ഓടിയെത്തി വേഗതാരമായി മാറിയ അപര്‍ണ ഇന്നലെ 200 മീറ്ററിലും പൊന്നണിഞ്ഞു. ലോംഗ് ജംപില്‍ വെള്ളിയാണ് നേട്ടം.

പിഴല സ്വദേശിയായ അപര്‍ണ ലോംഗ്ജംപ് താരമായ ചേട്ടന് ടി.വി. അഖിലിന്റെ പ്രകടനങ്ങള്‍ കണ്ടാണ് മത്സരരംഗത്തേക്ക് വന്നത്. ദേശീയ, ജൂണിയർ മീറ്റുകളില്‍ അഖില്‍ മെഡല്‍ നേട്ടിയിട്ടുമുണ്ട്. അഖില്‍ തന്നെയാണ് പരിശീലകനായ പി.ആര്. പുരുഷോത്തമന്റെ അടുത്ത് അപര്‍ണയെ ചേര്‍ത്തത്.
നാട്ടിലേക്ക് ബസ് കുറവായതിനാല്‍ ഓട്ടോഡ്രൈവറായ അച്ഛന് വിജു എല്ലാ ദിവസവും അപര്‍ണയെ സ്കൂളില്‍ നിന്ന് പരിശീലനത്തിനായി മഹാരാജാസ് ഗ്രൗണ്ടിലും പിന്നീട് വീട്ടിലും കൊണ്ടുപോയി വിടുന്നത്. അതുകഴിഞ്ഞ് വീണ്ടും ഓട്ടോറിക്ഷ ഓടിക്കാന്‍ പോകും. അമ്മ: സവിത.
മികവ് പോരാ
കൊച്ചി: ഭാവി കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന സ്കൂള്‍ മീറ്റുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിലവാരത്തകര്ച്ചയിലാണെന്നതിന്റെ നിരാശയിലും ആകൂലതയിലുമാണ് ജില്ലാ സ്കൂള്‍ മീറ്റിന്റെ ട്രാക്ക്, ജംപ് ഇനങ്ങള്‍ അവസാനിച്ചത്. ഒരു മീറ്റ് റിക്കാര്‍ഡ് പിറന്നതൊഴിച്ചാല്‍ മികവാര്‍ന്ന പ്രകടനങ്ങളൊന്നും മൂന്ന് ദിവസത്തെ മീറ്റില്‍ ഉണ്ടായില്ല. ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ മറ്റുള്ളവര്‍ അമ്പേ നിരാശപ്പെടുത്തി. മികവ് തെളിയിച്ചവരാകട്ടെ, മുന്ഗാമികള്ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്തിയതുമില്ല.
എറണാകുളം മഹാരാജാസ് സിന്തറ്റിക്ക് ട്രാക്കിലും പിറ്റിലുമായി മൂന്ന് ദിവസം നടന്ന റവന്യൂ ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റിലെ പ്രകടനത്തെ വിലയിരുത്തുകയാണ് കായികാധ്യാപിക ഷിബി മാത്യു.
മികവ് കുറയാന്‍ കാരണം?
മത്സരാര്‍ഥികളുടെ എണ്ണം കുറഞ്ഞു വരികയാണ്. കുട്ടികളിലെ താത്പര്യക്കുറവും ആവശ്യത്തിന് കായികാധ്യാപകര്‍ ഇല്ലാത്തതുമൊക്കെ കരണങ്ങളാണ്. ചെറുപ്പത്തിലേ കഴിവുകള്‍ കണ്ടെത്തി അതു വികസിപ്പിച്ചാല്‍ മാത്രമേ മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ഇപ്പോള്‍ ചെയ്യുന്നത് കതിരില്‍ വളം വയ്ക്കുന്ന പരിപാടിയാണ്.
കുട്ടികളുടെ താത്പര്യക്കുറവിന് കാരണം?
എന്തിനുവേണ്ടി എന്ന ചിന്തയാണ് കുട്ടികളെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. കായിക താരമായി മാറിയാല്‍ ഭാവില്‍ എന്തെങ്കിലും നേട്ടമുണ്ട് എന്ന തോന്നല്‍ അവര്‍ക്കിപ്പോഴില്ല. അങ്ങനൊരു ഉറപ്പ് നല്കാന് കായികാധ്യാപകര്‍ക്ക് കഴിയില്ല. സര്‍ക്കാരാണ് ആ ഉറപ്പ് നല്‍കേണ്ടത്. കായിക താരങ്ങള്‍ക്ക് ഓരോ വര്‍ഷവും ജോലി നല്കിയാല് വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അത് പ്രചോദനമാകും.
അക്കാഡമികള്‍ നിലച്ചുപോകുന്നത് തിരിച്ചടിയല്ലേ?
മികച്ച അക്കാഡമികള്‍ നിന്നു പോകുന്നതും മികവാര്‍ന്ന താരങ്ങളെ വാര്‍ത്തെടുക്കാന്‍ നിലവിലുള്ള അക്കാഡമികള്‍ക്ക് സാധിക്കാത്തതും ഫണ്ട് ഇല്ലാത്തതുമൂലമാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍പ് നല്കിയ ചെറിയ ധനസഹായം ഇപ്പോഴില്ല. പിടിഎ ഫണ്ടും മാനേജ്മെന്റ് ഫണ്ടും ഒന്നിനും തികയില്ല.
കായികാധ്യാപകര്‍ കൈയില്‍ നിന്ന് കാശെടുത്താണ് എക്യുപ്മെന്റുകളും മറ്റും വാങ്ങുന്നത്. ജില്ലാ, സംസ്ഥാന മീറ്റുകളില്‍ മെഡല്‍ നേടുന്നവര്‍ക്ക് പ്രോത്സാഹനമായി സ്റ്റൈപ്പന്റ് നല്കിയാല് താരങ്ങള്‍ക്ക് അത് വലിയ പ്രചോദനമാകും.
വിശ്രമത്തിനു സമയം കിട്ടുന്നില്ലെന്ന് പരാതിയുണ്ടല്ലോ?
മീറ്റുകള്‍ സംഘടിപ്പിക്കുന്നതിലെ അശാസ്ത്രീയത പ്രകടനത്തെ ബാധിക്കും. ഉപജില്ലയും ജില്ലാ മീറ്റും തമ്മില്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയേ ഉണ്ടാകു. സംസ്ഥാന മീറ്റും ചുരുങ്ങിയ ഇടവേളയിലാണ് നടക്കുക. മീറ്റുകള്‍ തമ്മിലുള്ള ഇടവേള 15 ദിവസമെങ്കിലും ലഭിച്ചാല്‍ മാത്രമേ ആവശ്യമായ വിശ്രമം എടുത്ത് കുട്ടികള്‍ക്ക് മികവാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കു.
കായികാധ്യാപരുടെ മികവിലും കുറവുണ്ടായോ?
ഇപ്പോള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്ന അധ്യാപകര്‍ക്ക് മികവുണ്ടെങ്കിലും സമര്‍പ്പണവും ആത്മാര്‍ഥതയും കുറവായതായാണ് കണ്ടുവരുന്നത്. തൊഴില്‍ സംബന്ധമായി ഒട്ടേറെ പ്രശ്നങ്ങള്‍ നേരിട്ടുന്നുണ്ടെങ്കിലും കുട്ടികളുടെ ഭാവി ബലികൊടുത്തുള്ള ഒന്നും പാടില്ല. അധ്യാപകര്‍ എത്രമാത്രം ആത്മാര്‍ഥത കാട്ടുന്നുവോ അത്രതന്നെ മികച്ച താരങ്ങളും വളര്‍ന്നുവരും.
ഉപജില്ലാ പോയന്റ് നില
1. കോതമംഗലം - 223
2. അങ്കമാലി - 178
3. പെരുമ്പാവൂർ - 60
4. വൈപ്പിന്‍ - 54
5. എറണാകുളം - 46
6. കോലഞ്ചേരി - 41
7. ആലുവ - 40.5
8. മട്ടാഞ്ചേരി - 13.5
9. മൂവാറ്റുപുഴ - 10
10. കല്ലൂര്‍ക്കാട് - 10
11. നോര്‍ത്ത് പറവൂര്‍ - 10
12. തൃപ്പൂണിത്തുറ - 9
13. പിറവം - 4
14. കൂത്താട്ടുകുളം - 3
സ്കൂള്‍ പോയന്റ് നില
1. മാര്‍ ബേസില്‍ എച്ച്എസ്എസ്, കോതമംഗലം - 168
2. സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്
എസ് കീരമ്പാറ - 50
3. സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ്
എച്ച്എസ് മൂക്കന്നൂര്‍ - 45
4. ശാലേം എച്ച്എസ് വെസ്റ്റ്
വെങ്ങോല - 39
5. സെന്റ് ട്രീസാസ് സിജിഎച്ച്എസ്എസ് എറണാകുളം - 22
6. ഭഗവതി വിലാസം എച്ച്എസ്
നായരമ്പലം - 20
7. സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്
എസ് കോലഞ്ചേരി - 20
8. ഗവ.എച്ച്എസ്എസ് മൂക്കന്നൂര്‍ - 16
9. സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തേവര - 13
10. മാര്‍ അത്തനേഷ്യസ് എച്ച്എസ് നെടുമ്പാശേരി - 11