കീരന്പാറയുടെ കണ്ണീർ : പോയിന്റ് നിര്‍ണയത്തിലെ ആശയക്കുഴപ്പത്തിൽ രണ്ടാംസ്ഥാനം നഷ്ടമായി
1600099
Thursday, October 16, 2025 4:05 AM IST
കൊച്ചി: മേളയിലെ അവസാന ദിവസമായ ഇന്നലെ ഉപജില്ലകളുടെയും സ്കൂളുകളുടെയും ഓവറോള്‍ പോയിന്റ് നിലയില്‍ കുറവുവന്നത് ആശയക്കുഴപ്പത്തിനിടയാക്കി. ഒന്നാം സ്ഥാനത്തുള്ള കോതമംഗലം ഉപജില്ലയുടെ പോയിന്റിലും സ്കൂള്‍ പട്ടികയില്‍ രണ്ടാമതായിരുന്ന കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിന്റെ പോയിന്റിലും കുറവുവന്നതാണ് ആശയക്കുഴപ്പത്തിനും പരാതിക്കും ഇടയാക്കിയത്.
കീരമ്പാറ സ്കൂളില്‍ നിന്ന് മത്സരിച്ച ആറു കുട്ടികള്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്റ്റൈഫന്റ് വാങ്ങുന്നവരായതിനാല്‍ ഇവരുടെ പോയിന്റ് സ്കൂള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതി ഉണ്ടായി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന സകൂള്‍ ഒളിമ്പിക്സിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ കുട്ടികളുടെ പോയിന്റ് നേരിട്ട് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനം ഉണ്ടായിരുന്നു. ഇക്കാര്യം ഉന്നയിച്ചാണ് ഒരു വിഭാഗം അധ്യാപകര്‍ പരാതിയുമായി എത്തിയത്.
ഇതേതുടര്‍ന്ന് കീരമ്പാറ സ്കൂളിന്റെ പട്ടികയില്‍നിന്ന് ഈ ആറു കുട്ടികളുടെ പോയിന്റ് ഒഴിവാക്കി. അതുവരെ 71 പോയിന്റുമായി രണ്ടാംസ്ഥാനത്തായിരുന്ന കീരമ്പാറ സ്കൂൾ 30 പോയിന്റ് നഷ്ടപ്പെട്ട് 41 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കീരമ്പാറ സ്കൂള്‍ കോതമംഗലം ഉപജില്ലയിലായതിനാല് കോതമംഗലം ഉപജില്ലയുടെ പോയിന്റ് നിലയെയും ഇത് ബാധിച്ചു. ഓവറോള്‍ പോയിന്റില്‍ കുറവുണ്ടായെങ്കിലും കോതമംഗലത്തിന് ഒന്നാം സ്ഥാനം നഷ്ടമായില്ല.