ഓടിക്കയറുന്നതിനിടെ ട്രെയിനിൽനിന്ന് വീണ യാത്രക്കാരന് പാഴ്സല്‍ പോര്‍ട്ടര്‍ രക്ഷകനായി
1600256
Friday, October 17, 2025 4:10 AM IST
കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ കാല് വഴുതി പ്ലാറ്റ്ഫോമില്‍ വീണ യാത്രക്കാരനെ പാഴ്സല്‍ പോര്‍ട്ടറായ രമേശ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.25ഓടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നാഗരാജുവിനെയാണ് രമേശൻ രക്ഷപ്പെടുത്തിയത്. ഇയാൾക്ക് നിസാര പരിക്കേറ്റു.
ശബരി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ മാവേലിക്കരയില്‍ നിന്നു കയറിയ നാഗരാജു ഗുണ്ടൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്. ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലെ കടയില്‍ നിന്നു സാധനം വാങ്ങുന്നതിനായി പുറത്തിറങ്ങി.
ഇതിനിടെ മുന്നോട്ടെടുത്ത ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ നാഗരാജു കാല്‍വഴുതി ട്രെയിനിനരികിലേക്ക് വീണു. ഈ സമയം അവിടെയുണ്ടായിരുന്ന രമേശ് ട്രാക്കിലേക്ക് വീഴാതെ നാഗരാജുവിനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റി.
സംഭവത്തെത്തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ബഹളം വയ്ക്കുകയും ട്രെയിന്‍ ചങ്ങല വലിച്ച് നിർത്തുകയും ചെയ്തു. മിനിറ്റുകൾക്കു ശേഷം പുറപ്പെട്ട ടെയിനിൽ തന്നെ നാഗരാജു യാത്ര തുടര്‍ന്നു.