ആശുപത്രി കിടക്കയില്‍ നിന്നുവന്ന് ട്രിപ്പിളടിച്ച് അബിന
1600101
Thursday, October 16, 2025 4:05 AM IST
കോതമംഗലം: കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രി കിടക്കയില്‍നിന്നും മത്സരിക്കാനെത്തി ഡിസ്ക് പായിച്ച് സ്വര്‍ണം നേടി സെന്റ് സ്റ്റീഫന്‍ എച്ച്എസ്എസ് കീരംപാറയുട അബിന മരിയ ജെയിന്. ചൊവ്വാഴ്ച മീറ്റില്‍ പങ്കെടുത്ത ശേഷമാണ് പനി കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. മത്സരിച്ച രണ്ടിനങ്ങളിലും ചൊവ്വാഴ്ച അബിന സ്വര്‍ണം നേടിയിരുന്നു. ഇന്നലെത്തെ സ്വര്‍ണ നേട്ടത്തോടെ മൂന്ന് സ്വര്‍ണവുമായി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യനുമായി.
കീരംപാറ സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥിയായ അബിന മരിയ ജെയ്ന്‍ കോതമംഗലം പാലമറ്റം ചേലാട്ട് ജെയ്ന്‍ ജേക്കബിന്റെയും ടാനിയയുടെയും മകളാണ്. അച്ഛനും അമ്മയും ദുബായിയില്‍ ജോലി ചെയ്യുന്നതിനാല്‍ അമ്മൂമ്മയുടെ അടുക്കല്‍നിന്നാണ് അബിന പഠിക്കുന്നത്. നേരത്തെ കോതമംഗലം ശോഭന സ്കൂളില്‍ പഠിച്ചിരുന്ന അബിന സ്പോര്‍ട്സ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് കീരംപാറയിലെ സ്കൂളിലെത്തിയത്.
ത്രോ ഇനങ്ങളില്‍ അബിനയുടെ മികവ് കണ്ടെത്തിയ സ്കൂള്‍ അധികൃതര്‍ അവളെ എംഎ അക്കാഡമിയില്‍ പരിശീലനത്തിന് അയക്കുകയായിരുന്നു. അവിടെ കോച്ച് പി.ഐ. ബാബുവിന്റെ ശിക്ഷണത്തിലാണ് അബിന വലിയ വിജയങ്ങളിലേക്ക് എറിഞ്ഞ് തുടങ്ങിയത്.
അമ്മ ടാനിയ നേരത്തെ അത്ലറ്റിക്സില് ഉണ്ടായിരുന്ന താരമാണ്. 3000 മീറ്ററിലും 500 മീറ്ററിലും പങ്കെടുത്ത് മെഡല്‍ നേടിയിട്ടുള്ള ടാനിയയാണ് മകളുടെ മനസില്‍ അത്ലറ്റിക്സിനോടുള്ള ഇഷ്ടം കൂട്ടിയത്. ഹാമര്‍ ത്രോ പ്രധാനമായി കാണുന്ന അബിന ജില്ലാ മേളയില്‍ ഷോട്ട്പുട്ടിലേക്കും തിരിയുകയായിരുന്നു. ഷോട്ട്പുട്ടില്‍ മെഡല്‍ വന്നെങ്കിലും ഹാമര്‍ തന്നെ കരിയറായി മുന്നോട്ട് കൊണ്ടുപോകാനാണ് അബിനയുടെ ഇഷ്ടം.