വൈദ്യുത പോസ്റ്റ് നടുവിൽ നിർത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്തു
1599863
Wednesday, October 15, 2025 4:28 AM IST
മൂവാറ്റുപുഴ: റോഡ് കോൺക്രീറ്റ് ചെയ്ത് നന്നാക്കിയെങ്കിലും റോഡിന്റെ നടുവിൽനിന്ന് വൈദ്യുത പോസ്റ്റ് മാറ്റാത്തത് ഗതാഗതതടസം സൃഷ്ടിക്കുന്നു. വാരപ്പെട്ടി കണ്ടോത്തുകപടിയിലാണ് ഇത്തരത്തിലുള്ള അറ്റകുറ്റപ്പണി നടത്തി റോഡ് നവീകരിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ടോത്തുകപടി എസ്സി നഗര്‍ റോഡിന്റെ കുറച്ചുഭാഗം കോണ്‍ക്രീറ്റ് ചെയ്തത്.
പാടശേഖരത്തിലേക്കും മറ്റ് കൃഷിയിടങ്ങളിലേക്കും സാധനങ്ങള്‍ കൊണ്ടുപോകാനാണ് പ്രദേശവാസികൾ ഈ റോഡ് കൂടുതലായും ഉപയോഗിക്കുന്നത്.
റോഡിന് നടുവില്‍ പോസ്റ്റ് നില്ക്കുന്നതിനാല് ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇതുവഴി കടന്നുപോകാനാകൂ. അതിനാല്‍ വൈദ്യുത പോസ്റ്റ് റോഡിന് അരികിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.