അറസ്റ്റ് ചെയ്യാൻ തമിഴ്നാട്ടിലെത്തിയ പോലീസിനെ കണ്ട് പ്രതി കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
1600260
Friday, October 17, 2025 4:10 AM IST
പറവൂര്‍: അറസ്റ്റ് ചെയ്യാനായി തമിഴ്നാട്ടിലെത്തിയ പോലീസ് സംഘത്തെ കണ്ട് ക്രിമിനല്‍ കേസ് പ്രതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടിമരിച്ചു. നിരവധി കേസുകളിലെ പ്രതിയായ പറവൂര്‍ അമ്പാട്ട് വീട്ടില്‍ എ.സി. മനോജ് (48) ആണ് തമിഴ്നാട്ടിലെ കാരയ്ക്കലിലെ വാടക വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി മരിച്ചത്. ബുധനാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം.
രണ്ടു മാസം മുമ്പ് പറവൂർ ലക്ഷ്മി കോളജിനു സമീപത്തു വച്ച് സിനിമാ ഷൂട്ടിംഗ് സംഘത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണിയാള്‍. ഒരാഴ്ച മുമ്പ് പറവൂര്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍വച്ച് പിടികൂടാനെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു.
കാരയ്ക്കലിൽ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പറവൂരില്‍ നിന്നുള്ള പോലീസ് സംഘം ഇവിടെയെത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന പ്രതി പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ സമീപവാസികള്‍ നോക്കി നില്‍ക്കെ താഴേക്ക് ചാടുകയായിരുന്നു. തലയ്ക്കും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 11.30 ഓടെ മരിച്ചു. എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.
കാരയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കാരയ്ക്കല്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം . ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.