ബാലികയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേവിഷബാധ
1599838
Wednesday, October 15, 2025 3:58 AM IST
പറവൂർ: മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നായയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ വലതു ചെവിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നായ കടിച്ചത്. ചെവിയുടെ ഒരു ഭാഗം അറ്റുപോയി. തുടർന്നു ശസ്ത്രക്രിയയിലൂടെ അറ്റുപോയ ഭാഗം തുന്നിപ്പിടിപ്പിച്ചു.
കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രശ്നം ചർച്ച ചെയ്യാനായി ചിറ്റാറ്റുകര പഞ്ചായത്ത് ഇന്ന് രാവിലെ 11ന് അടിയന്തര കമ്മിറ്റി ചേരും. മൂന്നിന് സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.