അര്‍ജന്റീന- ഓസ്ട്രേലിയ മത്സരം : കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ ഒരു മാസത്തേക്ക് അടയ്ക്കും
1600253
Friday, October 17, 2025 4:10 AM IST
കൊച്ചി: അര്‍ജന്റീന - ഓസ്ട്രേലിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തിന് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കെട്ടിടത്തിലെ കടകള്‍ ഒരുമാസത്തേക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശം. സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ ആണ് വ്യാപാരികള്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയത്. ഈ മാസം 25 മുതല്‍ നവംബര്‍ 20 വരെ കടകള്‍ അടച്ചിടാനാണ് സ്റ്റേഡിയം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 85 കടകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വ്യാപാരികള്‍ ഇതിനോട് സഹകരണം അറിയിച്ചിട്ടിണ്ടെന്ന് ജിസിഡിഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ഈ ഒരു മാസക്കാലത്തേക്ക് വ്യാപരം നടത്തുന്നതിന് ബദല്‍ സംവിധാനം വേണമെന്ന് ഏതാനും ചിലര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് ജിസിഡിഎക്ക് മുന്നില്‍ എത്തിയാല്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഡിഎ അധികൃതര്‍ പറഞ്ഞു. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മറ്റൊരിടത്ത് പ്രവര്‍ത്തനം തുടരുന്നതിനുളള സൗകര്യം ജിസിഡിഎ ഒരുക്കി നല്‍കും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവിടെ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകളിലെ പാചക വാതക സിലിണ്ടറുകളടക്കം സ്ഫോടന സാധ്യതയുള്ള വസ്തുക്കള്‍ മാറ്റാനും നിര്‍ദേശമുണ്ട്. താല്‍ക്കാലികമായുള്ള അടച്ചുപൂട്ടലിന് നഷ്ടപരിഹാരം നല്‍കണമെന്ന് കടയുടമകള്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ വിഷയത്തില്‍ തീരുമാനമായില്ല.
ജീവനക്കാര്‍ ആശങ്കയില്‍
വ്യാപാര സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ ആശങ്കയിലാണ്. ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാത്തതു മൂലം ജോലി താല്‍ക്കാലികമായി തടസപ്പെടുന്നതോടെ നിത്യച്ചെലവുകള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും.
85 സ്ഥാപനങ്ങളിലായി ഏകദേശം 2,000 ഓളം ജീവനക്കാരാണുള്ളത്. ജീവനക്കാരെ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യാപാരികളെ സഹായിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.